

കൊച്ചി: അപകീർത്തികരമായ പരാമർശത്തിൽ വീണ്ടും പരാതി നൽകി അൻസിബ. ലക്ഷ്മി പ്രിയ, ശ്വേത മേനോൻ എന്നിവർക്കെതിരെയാണ് അൻസിബ പരാതി നൽകിയത്. അൻസിബയ്ക്കെതിരെ യൂടൂബ് ചാനലിൽ ഇൻ്റർവ്യൂവിൽ ഗുരുതര ആരോപണമാണ് ലക്ഷ്മിപ്രിയ ഉന്നയിച്ചത്.
പാലാരിവട്ടം പൊലീസിലാണ് ഇവർ പരാതി നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല കഥകളും, അപകീർത്തികരമായ പ്രചാരണങ്ങളും നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. അമ്മയുടെ മുൻ പ്രസിഡൻ്റ് ശ്വേത മേനോൻ ആണ് പ്രചാരണങ്ങൾക്ക് പിന്നിലെന്ന് അൻസിബ ആരോപിച്ചു.
ടിനി ടോം അപവാദ പ്രചരണം നടത്തിയെന്ന് ആരോപിച്ച് അൻസിബ രംഗത്ത് വന്നതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. പിന്നീട് പക്ഷം ചേർന്ന് ലക്ഷ്മിപ്രിയ അൻസിബയ്ക്കെതിരെ തിരിയുകയായിരുന്നു. പ്രശ്നം പൊലീസ് കേസിലും പിന്നീട് അമ്മയിലും ചർച്ചയാവുകയും ചെയ്തു. അടുത്തിടെ ചേർന്ന അമ്മ ജനറൽ ബോഡിയിൽ അൻസിബയുടെ പ്രശ്നം താരങ്ങൾ ചർച്ച ചെയ്യുകയും, ശ്വേത മേനോൻ അടക്കമുള്ള ഭാരവാഹികൾ നേതൃസ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു.