

ബോർഡ് കോർപറേഷൻ വിഭജനത്തിൽ ആർഎസ്പിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും.പി. ജെ ജോസഫിന് ക്യാബിനറ്റ് പദവി ലഭിച്ചു എന്നത് മാധ്യമ വാർത്തകൾ മാത്രമെന്ന് അപു ജോൺ ജോസഫ്. പാർട്ടിക്ക് അറിയിപ്പോ, മുന്നണിയിൽ ചർച്ചയോ നടന്നിട്ടില്ലെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി.
കേരള കോൺഗ്രസിന് ആവശ്യമായ പരിഗണന ലഭിച്ചില്ലെന്ന് ചീഫ് വിപ് അപു ജോൺ ജോസഫ് കുറ്റപ്പെടുത്തി. ഏഴ് സീറ്റുകൾ നേടിയ പാർട്ടിക്ക് ലഭിക്കേണ്ട പ്രാധാന്യം ഇതുവരെ ലഭിച്ചിട്ടില്ലന്നാണ് പ്രവർത്തകരുടെ വികാരമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിസഭയിലെ ഭിന്നാഭിപ്രായം സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ പത്തുവർഷം ഭിന്നാഭിപ്രായങ്ങൾ ഇല്ലാതിരുന്നത് ഏകാധിപത്യത്തെ തുടർന്നാണ്. പ്രശ്നങ്ങളും അഭിപ്രായ ഭിന്നതകളും ചർച്ച ചെയ്തു തന്നെ യുഡിഎഫ് മുന്നോട്ടുപോകുമെന്നും അപു ജോൺ പറഞ്ഞു.
തോമസ് ഉണ്ണിയാടന് സ്വീകരണ യോഗങ്ങൾ സംഘടിപ്പിക്കുന്നതിൽ പാർട്ടിക്ക് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ ചിന്ഹത്തിൽ മത്സരിച്ച് വിജയിച്ച എംഎൽഎയാണ് അദ്ദേഹം. 25 വർഷം നിയമസഭാ സാമാജികനായി പൂർത്തീകരിച്ച അദ്ദേഹത്തിന് സുഹൃത്തുക്കൾ സ്വീകരണം നൽകുന്നത് സ്വാഭാവികമാണെന്നും അപു ജോൺ ജോസഫ് പറഞ്ഞു.