കൊച്ചി: സിറോ മലബാർ സഭയിലെ കുർബാന തർക്കത്തിന്റെ പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്ന് തൃശൂർ അതിരൂപതാ മെത്രാപോലീത്ത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ക്രൈസ്തവർക്കിടയിലും തീവ്രവാദ സംഘടനകൾ ഉണ്ടെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ദീപികയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിഷപ്പിന്റെ വിവാദ പരാമർശം. ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ നേതൃത്വം ഒഴിയുന്ന സമ്മേളനത്തിന് മുന്നോടിയായി ആണ് ആർച്ച് ബിഷപ്പിന്റെ പ്രത്യേക അഭിമുഖം.
"ക്രൈസ്തവർ ഇപ്പോൾ നേരിടുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് സഭയിലെ നിസാര അഭിപ്രായവ്യത്യാസങ്ങളിൽ പോലും ബോധപൂർവം ഇടപെട്ട് ഭിന്നിപ്പുണ്ടാക്കുക എന്നത്. സീറോ മലബാർ സഭയിലെ ആരാധനക്രമ വഴക്കിൽ ചിലരുടെ കുത്സിതമായ ഇടപെടലുണ്ട്. പോപ്പുലർ ഫ്രണ്ടിനെ റെയ്ഡ് ചെയ്ത ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതനുസരിച്ച് അവരുടെ പദ്ധതിക ളിൽ ചിലത് സീറോമലബാർ സഭയി ൽ ഭിന്നിപ്പുണ്ടാക്കുക എന്നതായിരുന്നു. കാരണം, ഏറ്റവും സംഘടിച്ചു നിൽക്കുന്ന സഭാ വിഭാഗത്തെ ഭിന്നിപ്പിച്ചും വഴക്കടിപ്പിച്ചും തകർക്കാമെന്ന് അവർ കണക്കുകൂട്ടിയിരുന്നത്.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സമുദായ ശക്തീകരണ വർഷം പ്രഖ്യാപിച്ചിരിക്കുന്നത്. രാഷ്ട്രീയത്തിലടക്കം സമുദായംഗങ്ങൾ വേണം. ഉദ്യോഗസ്ഥ തലത്തിലും ഭരണതലത്തിലും ആളുകൾ കുറയുന്നു. ക്രൈസ്തവരിൽ സമുദായാബോധം കുറഞ്ഞു. ക്രൈസ്തവർ വർഗീയതയോടെ ചിന്തിച്ചില്ല. ഏറ്റവും കുറച്ചു വർഗീയ ചിന്തയുള്ളത് ക്രൈസ്തവർക്കാണ്. പക്ഷേ, മറ്റു മതങ്ങളിൽ വർഗീയത കൂടി വരുന്നതായാണ് അനുഭവം. ഇപ്പോൾ നമ്മൾ പറയുന്നത് സമുദായബോധം ഉണ്ടാകണം", ആൻഡ്രൂസ് താഴത്ത്.