"എൻ്റെ പരാതിയിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു"; കാപട്യം തിരിച്ചറിയണമെന്ന് അരിതാ ബാബു

സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്നും അരിത...
"എൻ്റെ പരാതിയിൽ മൗനം പാലിച്ച മുഖ്യമന്ത്രി ഇന്ന് സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നു"; കാപട്യം തിരിച്ചറിയണമെന്ന് അരിതാ ബാബു
Source: Files
Published on
Updated on

ആലപ്പുഴ: കായംകുളം യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. മുഖ്യമന്ത്രിയുടെയും ഇടത് സൈബർ ഇടങ്ങളുടെയും ഇരട്ടത്താപ്പിനെതിരെയാണ് യു. പ്രതിഭ രൂക്ഷവിമർശനമുന്നയിച്ചത്. തനിക്കെതിരെ മുൻപ് നടന്ന സൈബർ ആക്രമണങ്ങളിൽ പരാതി നൽകിയപ്പോൾ മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇപ്പോൾ സ്ത്രീത്വത്തെ കുറിച്ച് വാചാലനാകുന്നതെന്ന് അരിത വിമർശിച്ചു. സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണെന്നും അരിത ഫേസ്ബുക്കിൽ കുറിച്ചു. അന്ന് നൽകിയ പരാതിയുടെ ലിങ്കും കുറിപ്പിനൊപ്പം അരിത പങ്കുവച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

സ്ത്രീത്വം അപമാനിക്കപ്പെടുന്നത് ആർക്കെതിരെയായാലും അത് രാഷ്ട്രീയമല്ല, ക്രൂരതയാണ്!

കായംകുളത്തെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷനിൽ വെച്ച് എം.എൽ.എയ്ക്കെതിരെ ഉണ്ടായ അധിക്ഷേപകരമായ പരാമർശം അങ്ങേയറ്റം അപലപനീയമാണ്. ഇത് എന്റെ വ്യക്തിപരമായ നിലപാടും എന്റെ പ്രസ്ഥാനത്തിന്റെ നിലപാടുമാണ്. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രസ്താവന തന്നെയാണിതെന്ന് ഞാൻ അടിവരയിട്ടു പറയുന്നു.

ബോധപൂർവ്വം അപകർത്തിപ്പെടുത്തുവാൻ ആഗ്രഹിക്കാതെ പറഞ്ഞുപോയ വാക്കുകളിലെ തെറ്റ് തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിച്ച യുഡിഎഫ് നേതാവ്, അത് തുറന്നു സമ്മതിക്കുകയും നിരുപാധികം മാപ്പ് പറയുകയും ചെയ്തു എന്നത് സ്വാഗതാർഹമാണ്. പ്രസ്താവന നടത്തിയ വ്യക്തിയെ തള്ളിക്കൊണ്ടും, തെറ്റ് തിരുത്തി അദ്ദേഹത്തെ ചേർത്തുപിടിച്ചുകൊണ്ടും, ഈ വിഷയത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ച അഡ്വ. എം. ലിജുവിന്റെ നടപടി ഏറെ അഭിനന്ദനം അർഹിക്കുന്നു.

അന്ന് എന്റെ എതിർ സ്ഥാനാർത്ഥിയായിരുന്ന സ്ത്രീയിൽ നിന്ന് പോലും എനിക്ക് ലഭിക്കാത്ത രാഷ്ട്രീയ മര്യാദയാണിത്.

എങ്കിലും, ഇന്ന് ഈ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ 'സ്ത്രീപക്ഷ' സംരക്ഷകരായി ചമയുന്ന ചിലരെ കാണുമ്പോൾ അഞ്ച് വർഷം പിന്നിലേക്ക് ഒന്ന് നോക്കാതിരിക്കാൻ കഴിയില്ല. അന്ന് എനിക്ക് എതിരെ നടന്നത് എന്തായിരുന്നു? കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്തിയ എന്നെ, ചായക്കടകൾ മുതൽ സോഷ്യൽ മീഡിയയുടെ ഇരുണ്ട മൂലകളിൽ വരെ ആക്ഷേപിച്ചവർ ആരായിരുന്നു?

പശുക്കളെ വളർത്തിയും പാൽ കറന്നുവിറ്റും ഉപജീവനം നടത്തുന്ന എന്റെ തൊഴിലിനെ പരിഹസിക്കാനാണ് അന്ന് സൈബർ വെട്ടുകിളികൾ മത്സരിച്ചത്.

അന്ന് അശ്ലീലച്ചുവയുള്ള കമന്റുകളിലൂടെ എന്റെ സ്ത്രീത്വത്തെ പിച്ചിച്ചീന്തിയപ്പോൾ ഇന്ന് നിലവിളിക്കുന്നവർ എവിടെയായിരുന്നു?

ആ കമന്റുകൾ ഇവിടെ സൂചിപ്പിക്കാൻ തന്നെ അറപ്പ് തോന്നുന്നവ ആയിരുന്നു എന്ന് നിങ്ങൾക്ക് ബോധ്യമുള്ളതാണല്ലോ.

അന്ന് എനിക്ക് എതിരെ നടന്ന ഈ ക്രൂരമായ സൈബർ ആക്രമണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയ വ്യക്തിയാണ് ഞാൻ. എന്നാൽ അന്ന് ആ പരാതിക്ക് മേൽ മൗനം പാലിച്ച മുഖ്യമന്ത്രിയാണ് ഇന്ന് ഫേസ്ബുക്കിൽ സ്ത്രീത്വത്തെക്കുറിച്ച് വാചാലനാകുന്നത്. അന്ന് എന്നെ വേട്ടയാടിയവർ ഇന്ന് എം.എൽ.എയ്ക്ക് വേണ്ടി വാദിക്കുമ്പോൾ അതിലെ കാപട്യം ജനം തിരിച്ചറിയണം.

എന്റെ നിലപാട് വ്യക്തമാണ്, കൃത്യവുമാണ്. സ്ത്രീത്വത്തെ അപമാനിക്കുന്നത് എനിക്ക് എതിരെ ആയാലും എം.എൽ.എയ്ക്ക് എതിരെ ആയാലും അത് തെറ്റാണ്. അന്ന് എനിക്ക് എതിരെ നടന്ന ആക്രമണങ്ങളെ ന്യായീകരിച്ചവരും മൗനം പാലിച്ചവരും ഇന്ന് കാണിക്കുന്ന ഈ "സ്ത്രീപക്ഷ സംരക്ഷണം" ആത്മാർത്ഥമാണോ എന്ന് ജനം ചിന്തിക്കട്ടെ.

രാഷ്ട്രീയ പോരാട്ടങ്ങൾ ആശയങ്ങൾ കൊണ്ടും വികസനങ്ങൾ കൊണ്ടും ആകട്ടെ. മറിച്ച് വ്യക്തിഹത്യയിലൂടെയും സ്ത്രീവിരുദ്ധതയിലൂടെയും ആകരുത്. ഇരയാക്കപ്പെടുന്നവരുടെ രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന ഈ രീതി മാറണം. നമുക്ക് വേണ്ടത് സ്ത്രീകളെ ബഹുമാനിക്കുന്ന, അന്തസ്സുള്ള രാഷ്ട്രീയ സംസ്കാരമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com