ആലപ്പുഴ: അരൂർ അപകടത്തിൽ അടിയന്തര സുരക്ഷാ ഓഡിറ്റിന് ദേശീയപാത അതോറിറ്റി. നിർമാണം ചട്ടങ്ങൾ പാലിക്കാതെയെങ്കിൽ കരാർ കമ്പനിയെ ഒഴിവാക്കും. റൈറ്റ്‌സ് ലിമിറ്റഡ് കമ്പനിക്ക് ഓഡിറ്റ് ചുമതല നൽകി. നിർമാണ പ്രവർത്തനങ്ങളിൽ, ഉയർന്ന സുരക്ഷാ -ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായാണ് സുരക്ഷാ പരിശോധനയ്ക്ക് ഉത്തരവിട്ടിരിക്കുന്നത്. പദ്ധതിയുടെ നടത്തിപ്പ് സമഗ്രമായി അവലോകനം ചെയ്യുന്ന രീതിയിലാണ് റൈറ്റ്‌സ് ലിമിറ്റഡിന്റെ പ്രവർത്തന പരിധി നിശ്ചയിച്ചിരിക്കുന്നതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചു.
നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് വിദഗ്ദ സമിതി കണ്ടെത്തി. ഐആർസി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണമെന്നും വിദഗ്ദ സംഘം റിപ്പോർട്ട് നൽകി. ഇതോടെയാണ് സുപ്രധാന ഓഡിറ്റിനുള്ള നിർദേശം നൽകിയത്. കരാർ കമ്പനി പൊലീസിന്റെ അപകട മുന്നറിയിപ്പ് അവഗണിച്ചെന്നും വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നിർമാണ കമ്പനിക്ക് വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഗർഡറുകൾ സ്ഥാപിക്കുന്ന സമയത്ത് വാഹനം കയറ്റി വിട്ടെന്ന് പൊലീസ് പറയുന്നു. ഇത് നിർമാണ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
നവംബർ 13നാണ് ഫ്ലൈ ഓവര്‍ നിര്‍മാണ മേഖലയില്‍ ഗര്‍ഡര്‍ വീണുണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ പള്ളിപ്പാട് സ്വദേശി രാജേഷ് മരിച്ചത്. വാനിന്റെ മുകളിലേക്ക് ഗര്‍ഡര്‍ തകര്‍ന്നുവീഴുകയായിരുന്നു.