''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം''; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം

"അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ തരൂരിന്റെ നയതന്ത്ര നീക്കങ്ങള്‍ തകര്‍ന്നടിഞ്ഞു"
''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം''; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം
Published on
Updated on

ശശി തരൂരിനെതിരെ കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. മോദി വാഴ്ത്ത് പാട്ട് തരൂരിന്റെ തരംമാറ്റവും അവസരവാദവും പ്രകടിപ്പിക്കുന്നതാണെന്നു വീക്ഷണത്തിലെ ലേഖനം പറയുന്നു. ''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം'' എന്ന പേരില്‍ രാഷ്ട്രീയകാര്യ സമിതി അംഗം ജോണ്‍സണ്‍ എബ്രഹാം എഴുതിയ ലേഖനത്തില്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയിട്ടുള്ളത്.

അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂര്‍ ലേഖനമെഴുതിയതില്‍ കോണ്‍ഗ്രസിനകത്ത് പ്രതിഷേധമുണ്ടായിരുന്നെങ്കിലും നേതാക്കള്‍ പ്രതികരിച്ചിരുന്നില്ല. ഈ വിവാദം നില്‍ക്കുന്നതിനിടെ തന്നെ തരൂര്‍ വീണ്ടും മോദി സ്തുതിയുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതു രണ്ടും അടിസ്ഥാനമാക്കിയാണ് വീക്ഷണത്തിലെ ലേഖനം.

''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം''; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം
കോണ്‍ഗ്രസിനെ തുടര്‍ച്ചയായി വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ നടപടി വേണമെന്ന് നേതാക്കള്‍; മിണ്ടാതെ ദേശീയ നേതൃത്വം

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം കേന്ദ്ര പ്രതിനിധി സംഘത്തലവന്‍ ആയി അമേരിക്കയില്‍ എത്തിയ തരൂരിനും സംഘത്തിനും യുഎസ് വൈസ് പ്രസിഡണ്ടിനെ മാത്രമാണ് കാണാന്‍ കഴിഞ്ഞത്. ഇതുതന്നെ നയതന്ത്രം പൊളിഞ്ഞു വീണതിന്റെ ഉദാഹരണം ആണ്. ഇവരുടെ സന്ദര്‍ശനശേഷം യുഎസ് പ്രസിഡന്റ് ട്രംപ് തന്നെ നേരിട്ട് പാക്ക് സൈനിക മേധാവിയെ വരവേറ്റതും ലേഖനം ചൂണ്ടിക്കാട്ടുന്നു.

'ഇന്ത്യ-പാക് സംഘര്‍ഷം താനാണ് തീര്‍ത്തെന്ന് അവകാശവാദം പതിനാലു തവണ ആവര്‍ത്തിച്ച് പറഞ്ഞു കൊണ്ടേയിരുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നില്‍ തരൂരിന്റെ നയതന്ത്ര നീക്കങ്ങള്‍ തകര്‍ന്നടിഞ്ഞു. തരൂരിനും സംഘത്തിനും യുഎസ് വൈസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്താനേ സാധിച്ചുള്ളു എന്നതും അപമാനകരമായി. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റിനോടൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, മധ്യപൂര്‍വ പ്രദേശത്തെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് തുടങ്ങിയവര്‍ പാക് സൈനിക മേധാവിക്ക് മുന്നില്‍ അണിനിരന്നു. കാനഡയില്‍ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടി വെട്ടിച്ചുരുക്കിയാണ് ട്രംപ് വൈറ്റ് ഹൗസില്‍ കുതിച്ചെത്തിയത്,' എന്നും ജോണ്‍സണ്‍ എബ്രഹാം ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

''ട്രംപിന് മുന്നില്‍ കവാത്ത് മറക്കുന്ന ഇന്ത്യന്‍ നയതന്ത്രം''; ശശി തരൂരിനെ പരിഹസിച്ച് കോണ്‍ഗ്രസ് മുഖപത്രം
'ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു'; വിവാദങ്ങള്‍ക്കിടെ വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍

കോളനി വാഴ്ചയ്ക്കും സാമ്രാജ്യത്വത്തിനും അധിനിവേശ നയങ്ങള്‍ക്കും എതിരെയുള്ള ജനാധിപത്യ മനുഷ്യാവകാശങ്ങളുടെ കരുത്തുറ്റ ശബ്ദമായിരുന്നു ഇന്ദിരാഗാന്ധിയുടേത്. ഇന്ത്യയുടെ യുദ്ധവിജയത്തിലെ ഇന്ദിരാഗാന്ധിയുടെ പ്രഖ്യാപനം ഇടിമുഴക്കം സൃഷ്ടിച്ച ഹര്‍ഷാരവത്തോടെയാണ് പാര്‍ലമെന്റ് സ്വാഗതം ചെയ്തത്. അവിടെയാണ് അമേരിക്കയുടെ സഹായത്തോടെ യുദ്ധത്തില്‍ മോദിക്ക് തീരുമാനം എടുക്കേണ്ടി വന്നത്. ഇതെല്ലാം നയതന്ത്രത്തിലെ വീഴ്ചയാണ്. അമിതമായ വിധേയത്വം മൂലം അമേരിക്കയുടെ സാമന്ത രാജ്യമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ് എന്നും ലേഖനം പറയുന്നു. എന്നിട്ടും വിദേശരാജ്യങ്ങളില്‍ പോയി മോദിയെ പുകഴ്ത്തുന്ന ശശി തരൂരിനെയാണ് ലേഖനത്തില്‍ വിമര്‍ശിച്ചിരിക്കുന്നത്.

ശശി തരൂര്‍ കഴിഞ്ഞ ദിവസവും മോദി സ്തുതിയുമായി രംഗത്തെത്തിയിരുന്നു. ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലാണ് തരൂരിന്റെ പ്രശംസ. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് ശശി തരൂര്‍ രംഗത്തെത്തിയത്.

ഊര്‍ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും ഇന്ത്യ മാറിയെന്നും ശശി തരൂര്‍ പറഞ്ഞു. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണ നയങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ശുഭകരമെന്നും തരൂര്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് മോദി സ്തുതിയുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

നേരത്തെ ദി ഹിന്ദു ദിനപത്രത്തില്‍ എഴുതിയ 'ലെസണ്‍സ് ഫ്രം ഓപ്പറേഷന്‍ സിന്ദൂര്‍സ് ഗ്ലോബല്‍ ഔട്ട്‌റീച്ച്' എന്ന ലേഖനത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിനെയും പ്രധാനമന്ത്രി മോദിയെയും തരൂര്‍ പ്രശംസിച്ചത്. പ്രധാനമന്ത്രി മോദിയുടെ ഊര്‍ജവും ചലനാത്മകതയും ചര്‍ച്ചകള്‍ക്ക് കാണിക്കുന്ന തുറന്ന മനസും ആഗോള തലത്തില്‍ ഇന്ത്യക്ക് വലിയ മുതല്‍ക്കൂട്ടാണെന്നാണ് ലേഖനത്തില്‍ തരൂര്‍ പുകഴ്ത്തിയത്. മോദി പ്രശംസയില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെ ശശി തരൂരിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.

അതേസമയം ശശി തരൂരിനെതിരെ ഒരു വിഭാഗം നേതാക്കള്‍ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി സര്‍വേയും അടിയന്തരാവസ്ഥ കാലത്തെയും ഇന്ദിരാ ഗാന്ധിയെയും സഞ്ജയ് ഗാന്ധിയെയും വിമര്‍ശിച്ചുകൊണ്ട് എഴുതിയ ലേഖനവും തരൂരിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നേതാക്കള്‍ നടപടി വേണമെന്ന ആവശ്യമുന്നയിച്ചിരിക്കുന്നതെന്നാണ് സൂചന. എ്നാല്‍ നേതൃത്വം ഇപ്പോഴും ഇതുസംബന്ധിച്ച് മറുപടിയൊന്നും നല്‍കിയിട്ടില്ല.

ബിജെപിയുമായി അടുക്കാനുള്ള ശശി തരൂരിന്റെ നീക്കമാണോ ഇതെന്ന് നേതൃത്വം സംശയിക്കുന്നുണ്ട്. അതിനാല്‍ തരൂരിന് ബിജെപിയിലേക്കുള്ള വഴി കോണ്‍ഗ്രസ് ആയി ഒരുക്കേണ്ടതില്ല എന്ന നിലപാടിലാണ് നേതൃത്വം.

അതേസമയം ശശി തരൂരുമായി ബന്ധപ്പെട്ട വിഷയത്തില്‍ യുഡിഎഫ് അഭിപ്രായം പറയേണ്ട ഘട്ടം എത്തിയിട്ടില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞു കഴിയട്ടെ. അവര്‍ ആദ്യം തീരുമാനിക്കട്ടെ, യുഡിഎഫ് അഭിപ്രായം പറയേണ്ട ഘട്ടം എത്തിയിട്ടില്ല എന്നുമാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com