

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ് ഒപ്പിട്ട ദീര്‍ഘകാല കരാര്‍ സംബന്ധിച്ച വാക്ക്പോര് തുടരുന്നു. കെഎസ്ഇബി സിഎംഡി ആയിരുന്ന ബി. അശോക് സ്വീകരിച്ചത് ബോര്‍ഡിനെ വഞ്ചിക്കുന്ന നിലപാട് ആയിരുന്നെന്ന് മുന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറും, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായ ഡോ. എം.ജി. സുരേഷ് കുമാര്‍ ആരോപിച്ചു. കരാറില്‍ ക്രമക്കേടുള്ളതായി കണ്ടെത്തിയത് ബി. അശോകാണ്. കരാറിന് അംഗീകാരം നല്‍കിയാല്‍ കെഎസ്ഇബിക്ക് 800 കോടിയുടെ നഷ്ടമുണ്ടാകുമെന്നാണ് അദ്ദേഹം സര്‍ക്കാര്‍ നിയോഗിച്ച സമിതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് കരാറിന് അംഗീകാരം നല്‍കേണ്ടതില്ലെന്ന് സമിതി ശുപാര്‍ശ ചെയ്തതെന്ന് സുരേഷ് കുമാര്‍ ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.
വിവരങ്ങൾ കെഎസ്ഇബിയുടെ ഫയലുകളിൽ രേഖപ്പെടുത്താതെയും, അനുമതിക്കായുള്ള അപേക്ഷ പിൻവലിക്കാതെയും ബി. അശോക് തന്നിഷ്ടപ്രകാരം പ്രവർത്തിച്ചുവെന്ന് സുരേഷ് കുമാര്‍ ആരോപിക്കുന്നു. സമിതിയുടെ ശുപാർശ സർക്കാർ അറിയിക്കുന്നതിനു മുൻപേ അശോക് സ്വന്തം നിലയ്ക്ക് റെഗുലേറ്ററി കമ്മീഷന് കത്തയച്ചു. സിഎംഡി തന്നെ കമ്മീഷന് കത്ത് അയക്കുന്നത് വഞ്ചനാപരമാണ്, നിയമവിരുദ്ധമാണ്. കരാർ റദ്ദാക്കാനായി അശോക് അച്ചാരം വാങ്ങി. അദാനി പവറിന്റെ മുൻ നേതൃത്വത്തിലുണ്ടായിരുന്ന ദീപക് അമിതാബും ബി. അശോകും തമ്മിലുള്ള ബന്ധം എന്തായിരുന്നു? ഇതെല്ലാം വിശദമായ പരിശോധന ആവശ്യമുള്ള കാര്യങ്ങളാണ്. അതിനുള്ള ആര്‍ജവം യുഡിഎഫ് സര്‍ക്കാരിനുണ്ടാകുമോ എന്നും ഫേസ്ബുക്ക് കുറിപ്പില്‍ സുരേഷ് കുമാര്‍ ചോദിക്കുന്നു.
കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍
അശോകൻ പറയുന്നത് പച്ചക്കള്ളം. വൈദ്യുതി ബോർഡിന്റെ സി.എം.ഡി. ആയിരുന്ന് ബോർഡിനെ വഞ്ചിക്കുകയായിരുന്നു ഈ വിദ്വാൻ.
2023ൽ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ 2015ൽ യു.ഡി.എഫ്. കാലത്ത് വെച്ച ദീർഘകാല വൈദ്യുതിക്കരാർ റദ്ദു ചെയ്തതുമായി ബന്ധപ്പെട്ട് ഡോ. ബി. അശോക് ചില വെളിപ്പെടുത്തലുകളുമായി മുന്നോട്ടുവന്നിരിക്കുന്നു. യു.ഡി.എഫ്. സർക്കാർ ആ കരാറുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ വരുത്തി എന്നാണ് അശോകന്റെ ഒന്നാമത്തെ വെളിപ്പെടുത്തൽ.
കരാർ റദ്ദു ചെയ്തതിന് എൽ.ഡി.എഫിനെ കുറ്റപ്പെടുത്തുന്ന മുഖ്യമന്ത്രിയോ വൈദ്യുതി മന്ത്രിയോ യു.ഡി.എഫ് കാലത്ത് നടന്ന ക്രമക്കേടുകളാണ് കരാർ റദ്ദാക്കാൻ കാരണമെന്നു പറഞ്ഞ അശോകന്റെ വാദങ്ങളെ ഖണ്ഡിക്കാനോ തിരുത്താനോ ഇനിയും രംഗത്തു വന്നിട്ടില്ല. യു.ഡി.എഫിന് വേണ്ടി രംഗത്തുള്ള, പ്രതിപക്ഷ നേതാവിന് ഓർമ്മപ്പിശകാണെന്ന് പറയുന്ന അശോകൻ തന്നെ യു.ഡി.എഫ്. കാലത്ത് ആര്യാടൻ മുഹമ്മദ് വൈദ്യുതി മന്ത്രിയായിരിക്കേ വെച്ച കരാർ ക്രമക്കേടു നിറഞ്ഞതായിരുന്നു എന്ന് വ്യക്തമാക്കുമ്പോൾ മുഖ്യമന്ത്രിയോ മറ്റു യു.ഡി.എഫ്. നേതാക്കളോ അതിനോട് പ്രതികരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നേയില്ല.
കരാറിൽ ഉണ്ടായ കുഴപ്പങ്ങൾ സംബന്ധിച്ച് കരാർ വെച്ച കാലത്ത് ഭരണത്തിന് നേതൃത്വം കൊടുത്തവർ തന്നെ വിശദീകരിക്കട്ടെ. ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് അത് വിശദീകരിക്കേണ്ട ഉത്തരവാദിത്തമില്ല. പക്ഷേ കരാർ പ്രകാരമുള്ള വൈദ്യുതി കേരളത്തിന് ആവശ്യമായിരുന്നു എന്നാണ് ഇടതുസർക്കാർ കണ്ടത്. അതുകൊണ്ടാണ് വൈദ്യുതി വാങ്ങാൻ കമ്മീഷന്റെ അനുമതി തേടാൻ ഇടതുപക്ഷ സർക്കാർ അധികാരത്തിലുണ്ടായിരുന്ന സന്ദർഭത്തിലും കെ.എസ്.ഇ.ബി. തീരുമാനിച്ചത്. അതിൽ നിന്ന് വ്യത്യസ്ഥമായ ഒരു നിലപാടും സർക്കാരോ കെ.എസ്.ഇ.ബി.യോ ഇടതുപക്ഷ സർക്കാർ ഭരണകാലത്ത് സ്വീകരിച്ചിട്ടില്ല.
രണ്ടാമതായി അശോകൻ പറയുന്നത് താൻ കരാർ റദ്ദാക്കാൻ ഒരിടപെടലും നടത്തിയിട്ടില്ല എന്നാണ്. അതൊന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. കരാർ റദ്ദാക്കപ്പെടുന്നതിലേക്ക് നയിച്ച നാൾവഴികളൊന്നും ഇവിടെ പരിശോധിക്കുന്നില്ല. എന്നാൽ കരാർ സംബന്ധിച്ച് റഗുലേറ്ററി കമ്മീഷൻ അന്തിമ പരിശോധനക്ക് വിധേയമാക്കുന്ന സന്ദർഭത്തിൽ ഇതുസംബന്ധിച്ച് പരിശോധിക്കാൻ സംസ്ഥാനസർക്കാർ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ആ കമ്മിറ്റിയിൽ ഫിനാൻസ് സെക്രട്ടറി, ലോ സെക്രട്ടറി, പവർ സെക്രട്ടറി, കെ.എസ്.ഇ.ബി. സി.എം.ഡി. എന്നിവരാണ് അംഗങ്ങളായിരുന്നത്. ഡോ. ബി. അശോക് ഐ.എ.എസ്. കെ.എസ്.ഇ.ബി. സി.എം.ഡി. എന്ന നിലയിൽ ഈ കമ്മിറ്റിയുടെ അംഗമായിരുന്നു. കെ.എസ്.ഇ.ബിയുടെ അഭിപ്രായം കമ്മിറ്റിയിൽ അറിയിക്കുക എന്നതാണല്ലോ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം. ആ നിലക്ക് കരാറിന് അംഗീകാരം നേടുന്നതിന് കെ.എസ്.ഇ.ബി. കമ്മീഷന് നൽകിയ അപേക്ഷക്ക് അനുകൂലമായ നിലപാടാണല്ലോ അദ്ദേഹം കമ്മിറ്റിയിൽ സ്വീകരിക്കേണ്ടത്. എന്നാൽ എന്തു നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്?കമ്മിറ്റിയുടെ 19-01-22ന്റെ മിനുട്സിൽ ഇത് 7, 8 പാരഗ്രാഫുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
അതായത് ഈ കരാറുകൾക്ക് അംഗീകാരം നൽകിയാൽ കെ.എസ്.ഇ.ബി.ക്ക് 800 കോടി രൂപ നഷ്ടം ഉണ്ടാകുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു എന്നും അതനുസരിച്ച് കരാറിന് അംഗീകാരം നൽകാൻ ശിപാർശ ചെയ്യേണ്ടതില്ലെന്ന് കമ്മിറ്റി തീരുമാനിച്ചുവെന്നും സാരം.
കെ.എസ്.ഇ.ബിയുടെ ഏത് രേഖകളുടെ അടിസ്ഥാനത്തിലാണ് ഇങ്ങിനെ ഒരു കാര്യം ഡോ. ബി. അശോക് കമ്മിറ്റിക്ക് മുമ്പാകെ അറിയിച്ചത്? ഇനി അങ്ങിനെയാണെങ്കിൽ കരാർ അംഗീകരിക്കണം എന്ന കെ.എസ്.ഇ.ബിയുടെ അപേക്ഷ കമ്മിഷനിൽ നിന്ന് പിൻവലിക്കുകയായിരുന്നില്ലേ കെ.എസ്.ഇ.ബി. സി.എം.ഡി. എന്ന നിലയിൽ അദ്ദേഹം ചെയ്യേണ്ടിയിരുന്നത്? പക്ഷേ കമ്മിറ്റിയിൽപ്പോയി തന്നിഷ്ടം പറഞ്ഞ അശോകൻ അക്കാര്യം കെ.എസ്.ഇ.ബിയുടെ ഒരു ഫയലിലും രേഖപ്പെടുത്തിയില്ല. കെ.എസ്.ഇ.ബി. കരാറിന് അംഗീകാരം വേണം എന്നു കാണിച്ച് കമ്മീഷന് നൽകിയ അപേക്ഷയിൽ നടപടി തുടരുകയും ചെയ്തു.കരാർ പ്രകാരമുള്ള വൈദ്യുതി കേരളത്തിന് അനിവാര്യമാണ് എന്ന നിലപാടാണ് ഇടതുപക്ഷ മുന്നണി സർക്കാരിന് ഉണ്ടായിരുന്നത് എന്നതുകൊണ്ട് കരാറിന് അംഗീകാരം നൽകേണ്ടതില്ല എന്ന കമ്മിറ്റി ശുപാർശ സർക്കാർ കമ്മീഷനെ അറിയിച്ചില്ല.
എന്നാൽ അശോകൻ അവിടെക്കൊണ്ടും നിന്നില്ല. 25 -04-2022ന് KSEB/ TRAC/CG/DBFOO/2021-22/49 നമ്പറായി ഒരു കത്ത് ഇതേ അശോകൻ റഗുലേറ്ററി കമ്മീഷന് അയച്ചു. ഈ കത്തും കെ.എസ്.ഇ.ബി. ഫയലിൽ ഉള്ളതായി തോന്നുന്നില്ല. റഗുലേറ്ററി കമ്മീഷൻ സെക്രട്ടറി രാജേന്ദ്രൻ കെ.വി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങളിൽ നിന്നാണ് നാം ഇക്കാര്യം മനസ്സിലാക്കേണ്ടത്.
അതായത് സർക്കാർ സ്വീകരിക്കാത്ത ഒരു ശുപാർശ അശോകൻ നേരിട്ട് കമ്മീഷനെ അറിയിക്കുന്നു.കെ.എസ്.ബി. നൽകിയ ഒരു പെറ്റീഷനിൽ ആ പെറ്റീഷന് എതിരായി കെ.എസ്.ഇ.ബി.യുടെ ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ തന്നെ ഒരു കത്ത് കമ്മീഷന് നൽകുന്നത് ഏത് നിയമത്തിന്റെ പിൻബലത്തിലാണ്? എന്തെങ്കിലും ചെറിയൊരു നീതിബോധമെങ്കിലും ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന് ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിച്ച് സ്വന്തം സ്ഥാപനത്തെത്തന്നെ വഞ്ചിക്കാൻ കഴിയുമായിരുന്നോ.
ഈ അശോകൻ അയാളാണ്, മുൻ മുഖ്യമന്ത്രിക്ക് ഓർമ്മക്കുറവുണ്ടെന്ന് പറഞ്ഞ് രംഗത്തുവരുന്നത്. ഈ കരാർ റദ്ദാക്കിക്കിട്ടാൻ വേണ്ടി ഇയാൾ ആരുടെ അച്ചാരം വാങ്ങിയാണ് രംഗത്തു വന്നത്? ഇയാളും അദാനി പവറിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ദീപക്ക് അമിതാബും തമ്മിലുള്ള ബന്ധം എന്തായിരുന്നു?
ഇതെല്ലാം വിശദമായ പരിശോധന ആവശ്യമുള്ള കാര്യങ്ങളാണ്. അതിനുള്ള ആർജവം യു.ഡി.എഫ്. സർക്കാറിനുണ്ടാകുമോ?