ഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസിന്റെ ആദ്യ സ്ഥാനാർഥി പട്ടിക ഈ മാസം 20ന് പ്രഖ്യാപിക്കും. രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ ഒഴികെ കോൺഗ്രസ് സിറ്റിങ് എംഎൽഎമാർ മത്സരിക്കും. തൃക്കാക്കരയിൽ ഉമാ തോമസ് തന്നെ മത്സരിക്കും. പാലക്കാടും തൃപ്പൂണിത്തുറയിലും പുതുമുഖങ്ങൾ മത്സരിക്കും. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും മത്സരത്തിനിറങ്ങാൻ ഹൈക്കമാൻഡിൻ്റെ തീരുമാനം. സിറ്റിംഗ് എംഎൽഎമാർ സീറ്റ് പരസ്പരം വെച്ച് മാറേണ്ടെന്നും ഹൈക്കമാൻഡ് നിർദേശം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് കോൺഗ്രസ്. പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സമിതികൾക്ക് രൂപം നൽകി. മുതിർന്ന കോൺഗ്രസ് നേതാവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയാണ് പ്രചാരണസമിതി ചെയർമാൻ. തിരുവനന്തപുരം എംപി ശശി തരൂർ സഹ അധ്യക്ഷനാകും. യുവ നേതാക്കളക്കം പത്ത് അംഗങ്ങളാണ് പ്രചാരണ സമിതിയിലുള്ളത്.
പ്രചാരണസമിതി കൺവീനറായി വടകര എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ ഷാഫി പറമ്പിലിനെയും നിയമിച്ചു. പ്രകടന പത്രിക സമിതിയുടെ ചെയർമാൻ ബെന്നി ബെഹന്നാൻ ആണ്. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് സഹ അധ്യക്ഷൻ. യുവാക്കളെയും മുതിർന്ന നേതാക്കളെയും ഒരുപോലെ ഉൾപ്പെടുത്തിയ പ്രചാരണ സമിതിക്ക് തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.