കോഴിക്കോട്: നാദാപുരം നിയമസഭാ മണ്ഡലത്തിൽ രണ്ട് പേരെ പരിഗണിച്ച് സിപിഐ. സിപിഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ്, മഹിളാസംഘം സംസ്ഥാന പ്രസിഡണ്ട് അഡ്വ. പി. വസന്തം എന്നിവരാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. നിലവിലെ എംഎൽഎ ഇ.കെ. വിജയൻ മൂന്ന് ടേം പൂർത്തിയായതോടെയാണ് പുതുമുഖത്തെ പരിഗണിക്കുന്നത്. സിപിഐ ടേം വ്യവസ്ഥയിൽ മൂന്ന് ടേം പൂർത്തിയായവരെ മാറ്റാനുള്ള തീരുമാനമെടുത്തിരുന്നു. അതോടെയാണ് ഇ.കെ. വിജയനെ മാറ്റി പരിഗണിക്കാൻ തിരുമാനമായത്.
പ്രദേശത്തുകാരനായതും ജനകീയമുഖമായതുമാണ് ഗവാസിനെ പരിഗണിക്കാൻ കാരണം. കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്നു. വസന്തവും മേഖലയിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ആളാണ്. മുൻ എംഎൽഎ സത്യൻ മൊകേരിയുടെ ജീവിതപങ്കാളി കൂടിയാണ് വസന്തം.
എൽഡിഎഫിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമാണ് നാദാപുരം. 1967 മുതൽ സിപിഐ വിജയിച്ചുവരുന്ന മണ്ഡലമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ നാദാപുരം മേഖലയിൽ യുഡിഎഫിന് മേൽക്കൈ ഉണ്ടാക്കാൻ കഴിഞ്ഞത് വെല്ലുവിളിയാണ്.