കൊച്ചി: ഷാർജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ ഭർത്താവ് സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ജോലിയിൽ പ്രവേശിച്ചത്.
അതുല്യയുടെ മരണത്തിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടിട്ടുണ്ട്. വിവരങ്ങള്‍ തേടാന്‍ സതീഷിനെ കോൺസുലേറ്റിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് അതുല്യയുടെ കുടുംബം. ഇന്ത്യന്‍ എംബസിക്ക് പരാതി നല്‍കുമെന്ന് അതുല്യയുടെ പിതാവ് അറിയിച്ചിരുന്നു.
കൊലപാതകം എന്ന് തെളിഞ്ഞാല്‍ സതീഷിന് ഷാര്‍ജയിലെ ശിക്ഷ തന്നെ ലഭിക്കുമന്ന് പ്രതീക്ഷിക്കുന്നതായാണ് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞത്. കുടുംബം കേരളത്തില്‍ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാന്‍ ചവറ തെക്കുംഭാഗം എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സതീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. മൃതദേഹം നാട്ടിലെത്തിച്ച ശേഷമാകും ഇതില്‍ തുടര്‍നടപടിയുണ്ടാവുക. ആവശ്യമെങ്കില്‍ സതീഷിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കും.
ഒരു വര്‍ഷമായി അതുല്യയും ഭര്‍ത്താവ് സതീഷും ഷാര്‍ജയിലായിരുന്നു താമസം. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്ളാറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോള്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നുമാണ് ഇയാള്‍ പറയുന്നത്.