സ്പെഷൽ എജുക്കേറ്റർ തസ്തിക സംബന്ധിച്ച് കേരളം സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതായി ആരോപണം. സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ എണ്ണം പെരുപ്പിച്ച് കാണിച്ചുവെന്നാണ് ആരോപണം. പുതിയ സത്യവാങ്മൂലത്തിൽ എണ്ണം പെരുപ്പിച്ച് കാട്ടിയത് അർഹരായവരുടെ നിയമനത്തെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയാണ് ഉയരുന്നത്.
2026 ജനുവരി 31നകം കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ കരാർ അടിസ്ഥാനത്തിലുള്ള സ്പെഷൽ എഡ്യൂക്കേറ്റർമാരെ സ്ഥിരപ്പെടുത്തണമെന്ന് വ്യക്തമാക്കി സുപ്രീംകോടതി നവംബർ നാലിന് ഉത്തരവിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് അധ്യാപകരെക്കുറിച്ച് തെറ്റായ വിവരമുള്ളത്. 6307 സ്പെഷൽ എഡ്യൂക്കേറ്റർമാർ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലുണ്ടെന്നാണ് കേരള സർക്കാർ നൽകിയ സത്യമാങ്മൂലത്തിലുള്ളത്. എന്നാൽ 2024 ഏപ്രിൽ 13ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ എണ്ണം 2886 ആണ്. പുതിയ സത്യവാങ്മൂലത്തിൽ എണ്ണം പെരുപ്പിച്ച് കാട്ടിയത് അർഹരായവരുടെ നിയമനത്തെ പ്രതിസന്ധിയിലാക്കുമെന്നാണ് ആരോപണം.
സത്യവാങ്മൂലത്തിൽ സ്പെഷൽ എഡ്യൂക്കേറ്റർമാരുടെ എണ്ണം സുപ്രീം കോടതിയിൽ പെരുപ്പിച്ച് കാണിച്ചത് നിലവിലുള്ള 2886 കരാർ അധ്യാപകരുടെ സ്ഥിരനിയമനം അട്ടിമറിക്കപ്പെടാൻ ഇടയാക്കുമെന്ന് അധ്യാപക സംഘടനകൾ ആശങ്കപ്പെടുന്നു. ഉത്തർപ്രദേശ് സ്വദേശിയായ രജ്നീഷ് കുമാർ പാണ്ഡെ 2016ൽ നൽകിയ ഹർജിയിൽ ഭിന്നശേഷി കുട്ടികൾക്കായി രാജ്യത്തെ മുഴുവൻ പൊതു വിദ്യാലയങ്ങളിലും സ്പെഷൽ എഡ്യൂക്കേറ്റർമാരെ നിയമിക്കണമെന്ന് 2021ലാണ് സുപ്രീം കോടതി ഉത്തരവിട്ടത്.