
കൊല്ലം: ഭിന്നശേഷിക്കാരിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെ അടക്കം നഗ്ന വീഡിയോ ദൃശ്യങ്ങള്‍ അയച്ച് കൊടുത്തായിരുന്നു കൊല്ലം സ്വദേശി അന്‍വര്‍ ഷാ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. ഭീഷണി കടുത്തപ്പോള്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. അൻവറിനെതിരെ പോക്സൊ ചുമത്തി കേസെടുത്തിട്ടുണ്ട്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സഹപാഠിയായ അന്‍വർ ഷായുമായി പെണ്‍കുട്ടി ആദ്യം പരിചയത്തിലാകുന്നത്. കുറച്ചു കാലത്തിന് ശേഷം ഇവർ ഇന്‍സ്റ്റഗ്രാമിലൂടെ വീണ്ടും സൗഹൃദത്തിലായി. പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്ന് അന്‍വർ ഉറപ്പു നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം ആവർത്തിച്ച് പലവട്ടം ശാരീരികമായി ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി അതിന് വഴങ്ങിയില്ല. ഇതോടെയാണ് ഭീഷണി തുടങ്ങിയത്.
തുടക്കത്തില്‍ പെണ്‍കുട്ടിയുടെ പേര് എഴുതിവെച്ച് ജീവനൊടുക്കുമെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തല്‍. ഇതില്‍ ഭയന്ന പെണ്‍കുട്ടി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇയാള്‍ പറഞ്ഞ കാര്യങ്ങള്‍ പെണ്‍കുട്ടി പേപ്പറില്‍ എഴുതിവെച്ചിരുന്നു. ഒന്നിലധികം തവണ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചതോടുകൂടി വീട്ടുകാർ നടത്തിയ അന്വേഷണത്തില്‍ ഈ കുറിപ്പുകള്‍ ലഭിക്കുകയായിരുന്നു.
ഈ കുറുപ്പില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിവായത്. പല പെൺകുട്ടികളും അൻവറിൻ്റെ ചതിയിൽപ്പെട്ടിട്ടുണ്ട്. പത്താം ക്ലാസില്‍ ഒപ്പം പഠിച്ചിരുന്ന സുഹൃത്തുകളുടെ നഗ്ന ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ അയച്ചുകൊടുത്ത് അന്‍വർ ഭീഷണിപ്പെടുത്തിയിരുന്നതായും കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ പ്രതി അന്‍വർ ഒളിവിലാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)