
കൊച്ചി: റിഫൈനറിയിലെ അപകടത്തിനു ശേഷം ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ താമസിക്കുന്ന അയ്യങ്കുഴി നിവാസികളെ കയ്യൊഴിഞ്ഞ് കമ്പനി. നിവാസികൾക്കുള്ള ഭക്ഷണം നിർത്തിയതോടെ പട്ടിണി സമരവുമായി ഇവർ പ്രതിഷേധം കടുപ്പിക്കുകയാണ്.
ശ്വസിക്കാൻ ശുദ്ധവായു, അതു മാത്രമാണ് ഇവരുടെ ആവശ്യം. ജൂലൈ എട്ടിന് കൊച്ചി റിഫൈനറിയിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് അയ്യങ്കുഴി നിവാസികൾ ചോറ്റാനിക്കരയിലെ സ്വകാര്യ ഹോട്ടലിൽ താൽക്കാലിക താമസം തുടങ്ങിയത്.
ഒന്നര മാസത്തോളം നിവാസികൾക്ക് ലഭ്യമായിരുന്ന ഭക്ഷണ വിതരണം കമ്പനി തടഞ്ഞു. ശേഷം ഹോട്ടലിൽ നിന്നും ഇറങ്ങി അയ്യൻകുഴിയിലേക്ക് തിരികെ പോകണമെന്ന ആവശ്യവുമായി കമ്പനി രംഗത്തെത്തിയതോടെയാണ് നിവാസികൾ പട്ടിണി കിടന്ന് പ്രതിഷേധിക്കാൻ തീരുമാനിച്ചത്.
മലിനീകരണം രൂക്ഷമായ 9.5 ഏക്കർ സ്ഥലം കമ്പനി ഏറ്റെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ടിലും അയ്യൻകുഴി പ്രദേശം താമസയോഗ്യമല്ലെന്നത് വ്യക്തം. വെള്ളത്തിലും വായുവിലും മലിനീകരണ വസ്തുക്കൾ ഉണ്ടെന്നും, മെഡിക്കൽ പരിശോധനയിൽ നാട്ടുകാർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കണ്ടെത്തിയതാണ്. എന്നാൽ ഇതിനെതിരെ നടപടി സ്വീകരിക്കാൻ സർക്കാരോ കമ്പനികളോ ഇത് വരെ തയാറായിട്ടില്ല.