തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ വിപണനത്തിന് സർക്കാരിന് ബക്കാർഡി കമ്പനി അയച്ച കത്ത് പുറത്ത്. എം.വി. ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് 2021ലാണ് കത്ത് അയച്ചത്. പ്രൊപ്പോസൽ തയ്യാറാക്കാൻ നികുതി സെക്രട്ടറിക്ക് മന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. എന്നാൽ നികുതി നിശ്ചയിക്കൽ അടക്കമുള്ള തീരുമാനങ്ങൾ എൽഡിഎഫ് സർക്കാർ എടുത്തില്ല.
കേരളത്തിൽ ബക്കാർഡി ബ്രീസർ ആൻഡ് ബക്കാർഡി പ്ലസ് എന്ന വീര്യം കുറഞ്ഞ മദ്യം വിൽപന നടത്താൻ സാധിക്കുന്നില്ലെന്നാണ് കത്തിൽ പറയുന്നത്. ടൂറിസം മേഖലകളിലെ കോർപ്പറേറ്റ് ഇവൻ്റുകളിലും ലിംഗവ്യത്യാസമില്ലാത്ത ഏവർക്കും പ്രിയങ്കരമായ മദ്യമാണ് ബക്കാർഡി ബ്രീസർ ആൻഡ് ബക്കാർഡി പ്ലസ്. ഒട്ടുമിക്ക അന്താരാഷ്ട്ര ഇവൻ്റ് കമ്പനികളും തങ്ങളുടെ കസ്റ്റമറാണ്. സ്ത്രീ സൗഹൃദ ഉത്പന്നമെന്ന നിലയിൽ ബക്കാർഡി ബ്രീസർ ആൻഡ് ബക്കാർഡി പ്ലസ് ലഭ്യമല്ലാത്തതിനാൽ പല ഇവൻ്റുകളും ഗോവ, പോണ്ടിച്ചേരി എന്നിവിടങ്ങളിലേക്ക് മാറ്റിയത് തങ്ങൾക്ക് നേരിട്ട് അറിയാവുന്നതാണെന്ന് കത്തിൽ പറയുന്നു.
എൽഡിഎഫ് നയം അനുസരിച്ചും ജസ്. ഉദയഭാനു കമ്മീഷൻ റിപ്പോർട്ട് അനുസരിച്ചും മദ്യാസക്തി കുറയ്ക്കുന്നതിനായി വീര്യം കുറഞ്ഞ മദ്യത്തിൻ്റെ ലഭ്യത പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട് എന്നിവ ഉൾപ്പെടെ കത്തിൽ പറയുന്നു. വീര്യം കുറഞ്ഞ മദ്യത്തിൻ്റെ ലഭ്യത ഉറപ്പുവരുത്താൻ ബിയർ, വൈൻ കാറ്റഗറികൾക്കൊപ്പം ലോ ആൽക്കഹോളിക് ബീവറേജ് കൂടി ഉൾപ്പെടുത്തി ഭേദഗതി വരുത്തേണ്ടതുണ്ട് എന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. ബിയറിന്റെയും വൈനിന്റെയും നികുതി പോലെ ബക്കാര്‍ഡി പ്ലസ്, ബ്രീസര്‍ എന്നിവയുടെ നികുതി കുറയ്ക്കണമെന്നാണ് കത്തിലെ ആവശ്യം.