ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണത്തിന് സിബിഐ

ബാലഭാസ്കാറിന്റെ വാഹനാപകട മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി
ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണത്തിന് സിബിഐ
Published on: 
Updated on: 

വയലിനിസ്റ്റ് ബാലഭാസ്കറിൻ്റെ മരണത്തിൽ തുടരന്വേഷണം ആരംഭിച്ച് സിബിഐ. അഡീ. എസ്‌ പി വി. ദേവരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നാണ് തുടരന്വേഷണം.പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നിർദേശം. സിബിഐ ഉദ്യോഗസ്ഥർ ബാലഭാസ്കറിന്റെ പിതാവ് ഉണ്ണിയെ സന്ദർശിച്ചു. ബാലഭാസ്കാറിന്റെ വാഹനാപകട മരണം കൊലപാതകമാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി.

2018 സെപ്റ്റംബർ 25ന് പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. തൃശ്ശൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. അപകടത്തിൽ ഒന്നര വയസുകാരിയായ മകൾ തേജസ്വിനി ബാല മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കർ ഒക്ടോബർ രണ്ടിന് ചികിത്സയിലിരിക്കെയും മരിച്ചു. അന്ന് കൂടെയുണ്ടായിരുന്ന ഭാര്യ ലക്ഷ്മിയും ഡ്രൈവർ അർജുനും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

ബാലഭാസ്കറിന്റെ മരണം; തുടരന്വേഷണത്തിന് സിബിഐ
അടിയന്തിര സദ്യയ്ക്ക് ബീഫ് വിളമ്പിയില്ല; വയോധികൻ്റെ പല്ല് അടിച്ചു തെറിപ്പിച്ച പ്രതി പിടിയിൽ

അപകടം വെറുമൊരു വാഹനാപകടമല്ലെന്നും ആസൂത്രിത കൊലപാതകമാണെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തും മാനേജറുമായിരുന്ന പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർക്ക് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവരങ്ങളും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

ആദ്യം കേരള പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചുവെങ്കിലും അപകടമരണം എന്നായിരുന്നു കണ്ടെത്തൽ. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പിന്നീട് 2020ലാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.2021ൽ സിബിഐയും അപകടമരണമെന്ന നിഗമനത്തിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. എന്നാൽ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് കാണിച്ച് കുടുംബം നിയമപോരാട്ടം തുടരുകയും കോടതിയെ സമീപിക്കുകയുമായിരുന്നു.