

തിരുവനന്തപുരം: ലോക് ഭവനിൽ മാംസാഹാരം വിലക്കിയെന്ന വാർത്തകൾ നിഷേധിച്ച് ലോക് ഭവൻ. മാംസാഹാരം പാചകം ചെയ്യരുതെന്ന് നിർദേശം നൽകിയത് ഗവർണറുടെ അടുക്കളയിൽ മാത്രമാണ്. ലോക് ഭവനിലെ ജീവനക്കാർക്ക് ഈ നിർദേശം ബാധകമല്ല. ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്നും ലോക്ഭവൻ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ സംസ്ഥാനത്ത് വ്യാപകമായ വിമർശനം ഉയർന്നിരുന്നു. നിർദേശം സംഘപരിവാറിൻ്റെ കാവി അജണ്ട കേരളത്തിൽ നടപ്പിലാക്കുന്നതിൻ്റെ ആദ്യഘട്ടമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി ആരോപിച്ചിരുന്നു. വോട്ട് കവർന്നെടുത്ത് പൗരൻ്റെ ജനാധിപത്യ അവകാശത്തിൻ്റെ കടയ്ക്കൽ കത്തി വച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണെന്ന് കെ.സി. വേണുഗോപാൽ വിമർശിച്ചിരുന്നു.
ചുമതലയേറ്റെടുക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപേ, കേരളത്തിൻ്റെ സാമൂഹിക സാഹചര്യം പോലും മനസിലാക്കും മുൻപേ, ഞാനിവിടെ അധികാരം ഏറ്റെടുക്കുന്നത് മുതൽക്ക് ഇവിടെ എല്ലാവരും ഇനി മുതൽ വെജിറ്റേറിയനാകണം എന്ന തിട്ടൂരം കടന്ന കൈയായിപ്പോയെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. സമ്മിശ്രമായ ഭക്ഷണ സംസ്കാരമുള്ള നാടാണ് കേരളം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങൾക്ക് ഭരണഘടന നൽകുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയിൽക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവർണർക്ക് ഓർമ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം, ജാതിക്കോയ്മയെ വീണ്ടും സിംഹാസനത്തിൽ ഇരുത്താനുള്ള നീക്കമെന്ന് യൂത്ത് കോൺഗ്രസും പ്രതികരിച്ചു.