ബെംഗളൂരു: ബിടിഎൽ കോളേജ് രണ്ടാം വർഷ നലയാളി നഴ്സിംഗ് വിദ്യാർഥി ആദിത്യൻ്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകൻ സന്ദീപ് പാണ്ടേക്ക് എതിരെ കൂടുതൽ പരാതികൾ. അധ്യാപകനിൽ നിന്ന് മർദനമേറ്റ വിദ്യാർഥികളുടെ ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. മർദനമേറ്റ കൊച്ചി സ്വദേശിയായ വിദ്യാർഥി പഠനം ഉപേക്ഷിച്ചു.
ആദിത്യന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മകന്റെ മരണം കുടുംബപ്രശ്നം മൂലമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയാണെന്ന് പിതാവ് പ്രദീപ് ആരോപിച്ചു. കോളേജിൽ മകനെ മാനസികമായി പീഡിപ്പിച്ചു. ലഹരി ഉപയോഗിക്കാത്തവനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞു പരത്തി. ആദിത്യന്റെ മുറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. അധ്യാപകൻ സന്ദീപ് ഇതിന്റെ പേരിൽ അധിക്ഷേപിച്ചിരുന്നു. അധ്യാപകൻ പറയുന്ന കുട്ടികളുടെ പേര് പറയണം എന്നാവശ്യപ്പെട്ടായിരുന്നു ഉപദ്രവമെന്നും പിതാവ് ആരോപിച്ചു.
ആദിത്യന് അപകടം പറ്റി എന്ന് മാത്രമേ കോളേജിൽ നിന്ന് അറിയിച്ചിട്ടുള്ളുവെന്ന് സഹോദരനും പ്രതികരിച്ചു. സന്ദീപ് പാണ്ടെ എന്ന അധ്യാപകനിൽ നിന്ന് നിരന്തരം മാനസിക പീഡനം ഉണ്ടായി. ആദിത്യനെ ലഹരി ഉപയോഗിക്കുന്നവൻ എന്ന് പറഞ്ഞു. മരണത്തിനു ശേഷം ഇന്നലെയും കോളേജിൽ ക്ലാസ് വച്ചു. സഹപാഠികളുടെ ഫോൺ കോളേജിൽ വാങ്ങി വച്ചത് എന്താണ് സംഭവിച്ചത് എന്ന് പുറത്ത് പറയാതെ ഇരിക്കാനാണെന്നും സഹോദരൻ പറഞ്ഞു.