"ആർഎസ്എസ് പ്രചാരക വേലയല്ല ഗവർണർ ചെയ്യേണ്ടത്"; പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്ന് മന്ത്രി ശിവന്‍‌കുട്ടി

കാവിക്കൊടി പിടിച്ച വനിതയെ ആദരിക്കാൻ ഗവർണർക്ക് എവിടുന്നാണ് ഉപദേശം ലഭിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചോദിച്ചു
രാജേന്ദ്ര അർലേക്കർ, വി. ശിവന്‍കുട്ടി
രാജേന്ദ്ര അർലേക്കർ, വി. ശിവന്‍കുട്ടിSource: Facebook/ Rajendra Arlekar, V. Sivankutty
Published on

രാജ്‌ഭവനിലെ 'ഭാരതാംബ' ചിത്ര വിവാദത്തിൽ ഗവർണറെ കടന്നാക്രമിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പ്രോട്ടോക്കോൾ ലംഘിച്ചെന്ന രാജ്ഭവന്റെ വാദം മന്ത്രി തള്ളിക്കളഞ്ഞു. ഗവർണർ ആർഎസ്എസ്സുകാരനായാൽ അതെ രീതിയിൽ മറുപടി നൽകും. 'ഭാരതാംബ' ചിത്രം വെച്ച് മുന്നോട്ട് പോയാൽ കേരളം ഒന്നായി എതിർക്കുമെന്നും മഹാത്മാഗാന്ധിയുടെ പ്രതിമയിൽ വെടിവയ്ക്കുന്ന രാഷ്ട്രീയം കേരളത്തിൽ അനുവദിക്കില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

കാവിക്കൊടി പിടിച്ച വനിതയെ ആദരിക്കാൻ ഗവർണർക്ക് എവിടുന്നാണ് ഉപദേശം ലഭിച്ചതെന്ന് മന്ത്രി വി. ശിവന്‍കുട്ടി ചോദിച്ചു. ഗവർണർ ഈ നിലപാട് തുടർന്നാൽ എല്ലാ നിലയിലുള്ള നടപടികളും ആലോചിക്കും. ഗവർണറുടെ നയം ജനം വിലയിരുത്തട്ടെയെന്നും അദ്ദേഹം ഈ രാജ്യത്തല്ലേ ജീവിക്കുന്നതെന്നും മന്ത്രി വിമർശന സ്വരത്തില്‍ ചോദിച്ചു.

രാജേന്ദ്ര അർലേക്കർ, വി. ശിവന്‍കുട്ടി
രാജ്ഭവനിലെ പരിപാടിയില്‍ വീണ്ടും കാവിക്കൊടിയേന്തിയ 'ഭാരതാംബ'; ഗവർണർ കാണിക്കുന്നത് അഹങ്കാരമെന്ന് വിദ്യാഭ്യാസ മന്ത്രി, ചടങ്ങ് ബഹിഷ്കരിച്ചു

ഗവർണർ ഭരണഘടനയെ മറികടന്ന് പ്രവർത്തിക്കുന്നുവെന്ന് മന്ത്രി വിമർശിച്ചു. ആർഎസ്എസ്സിനെ ശക്തിപ്പെടുത്തുന്ന പ്രവർത്തനത്തിന് ഗവർണർ നേതൃത്വം നൽകുന്നു. ഗവർണർക്ക് രാഷ്ട്രീയ അജണ്ടയുണ്ട്. മാന്യമായി പെരുമാറുമ്പോഴും ഗവർണറുടെ മനസിൽ ആ അജണ്ടയുണ്ടായിരുന്നു. രാജ്ഭവൻ ആർഎസ്എസ് ആസ്ഥാനമായി മാറിയെന്നും ശിവന്‍കുട്ടി ആരോപിച്ചു. ഗവർണറുടെ നയം കേരളത്തിൽ നടപ്പാകില്ലെന്ന് മനസിലാക്കണം. മതേതരത്വത്തിൽ ഊന്നി നിന്ന് പ്രവർത്തിക്കണം. ആർഎസ്എസ് പ്രചാരക വേലയല്ല ഗവർണർ ചെയ്യേണ്ടത്. ആർഎസ്എസ്സിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്താൻ നോക്കണ്ടെന്നും ഗവർണർ ആർഎസ്എസ്സുകാരനായി പ്രവർത്തിച്ചാൽ തിരിച്ചും അതേ രീതിയിൽ മറുപടി നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ആർഎസ്എസ്സിനെ ധീരമായി നേരിട്ടു തന്നെയാണ് അധികാരത്തിൽ വന്നത്. ഗവർണർ ഗവർണായി പ്രവർത്തിച്ചാൽ ബഹുമാനം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജേന്ദ്ര അർലേക്കർ, വി. ശിവന്‍കുട്ടി
"മന്ത്രി ശിവൻകുട്ടി ​ഗവർണറെ അപമാനിച്ചു, പ്രോട്ടോക്കോൾ ലംഘിച്ചു"; രൂക്ഷവിമർശനവുമായി രാജ്ഭവൻ

കഴിഞ്ഞ ദിവസം നടന്ന കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ വിതരണ ചടങ്ങിലാണ് 'ഭാരതാംബ' ചിത്ര വിവാദം വീണ്ടും ഉയർന്നുവന്നത്. ആർഎസ്എസ് ശാഖകളിൽ ഉപയോ​ഗിക്കുന്ന കാവിക്കൊടിയേന്തിയ 'ഭാരതാംബ' ചിത്രം പരിപാടിയില്‍ ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് മന്ത്രി ശിവന്‍കുട്ടി പരിപാടിയില്‍ നിന്ന് ഇറങ്ങിപോകുകയായിരുന്നു. ഗവർണർ പങ്കെടുത്ത പരിപാടിയില്‍ നിന്ന് ഇത്തരത്തില്‍ ഇറങ്ങിപ്പോയത് ഗുരുതരമായ പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്‌ഭവനും രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിയുടെ 'ഇറങ്ങിപ്പോക്ക്' ഗവർണറെ അപമാനിക്കുന്നതിന് തുല്യമാണെന്നും രാജ്‌ഭവന്‍ വാർത്താക്കുറിപ്പിലൂടെ കുറ്റപ്പെടുത്തി. എന്നാല്‍, ഗവർണർ രാഷ്ട്രീയ അജണ്ടയോടെ പെരുമാറുന്നു എന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ നിലപാട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com