ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീൽസ് ചിത്രീകരണത്തിൽ ക്ഷമാപണം നടത്തി മുൻ ബിഗ് ബോസ് താരം ജാസ്മിൻ ജാഫർ. റീൽസ് ചിത്രീകരണത്തെ തുടർന്ന് ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ ടെമ്പിൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് താരം ക്ഷമാപണം നടത്തിയത്.
‘എന്നെ സ്നേഹിക്കുന്നവർക്കും മറ്റുള്ളവർക്കും ഞാൻ ചെയ്ത ഒരു വിഡിയോ ബുദ്ധിമുട്ടുണ്ടാക്കിയതായി മനസ്സിലാക്കുന്നു. ആരെയും വേദനിപ്പിക്കാൻ വേണ്ടിയോ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു വിചാരിച്ചോ ചെയ്തതല്ല. അറിവില്ലായ്മ കൊണ്ട് എന്റെ ഭാഗത്തുനിന്ന് ഉണ്ടായ തെറ്റിന് ഞാൻ എല്ലാവരോടും ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’, ജാസ്മിൻ ജാഫർ സമൂഹ മാധ്യമത്തിൽ കുറിച്ചു.
ക്ഷേത്രത്തിൻ്റെ ഭാഗം എന്ന നിലയിൽ ക്ഷേത്രക്കുളത്തിലും വീഡിയോ ചിത്രീകരണത്തിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇത് മറികടന്നാണ് ജാസ്മിൻ ജാഫർ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ഥക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ജാസ്മിന്‍ ജാഫര്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് റീല്‍സ് പോസ്റ്റ് ചെയ്തത്. പരാതി ഉയർന്നതിന് പിന്നാലെ താരം റീൽ പിൻവലിക്കുകയായിരുന്നു. ജാസ്മിൻ ജാഫർ ബിഗ് ബോസ് മലയാളം സീസൺ സിക്സ് മത്സരാർഥിയായിരുന്നു.