തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് നടക്കുന്ന വിഷയങ്ങളിൽ പ്രതികരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പിഎം ശ്രീയിൽ ഇനിയും ചർച്ചകൾ നടക്കേണ്ടതുണ്ട്. കഴിഞ്ഞ ഏതാനും ദിവസമായി വാർത്തകളും ചർച്ചകളും നടക്കുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള നിലപാട് ചുരുങ്ങിയ വാക്കുകളിൽ അറിയിച്ചിട്ടുണ്ടെന്നും ബിനോയ് വിശ്വം അറിയിച്ചു.
രാവിലെ സെക്രട്ടറിയേറ്റിലും പിഎംശ്രീ വിഷയം ചർച്ച ചെയ്തു. 27 ന് സംസ്ഥാന എക്സിക്യൂട്ടീവ് ചേരും. നയപരമായ തീരുമാനങ്ങൾ എടുക്കുന്നത് സംസ്ഥാന എക്സിക്യൂട്ടീവാണ് എന്നും ബിനോയ് വിശ്വം പറഞ്ഞു. എംഒയു എന്താണെന്നോ അതിൽ ഒപ്പിടുമ്പോൾ കിട്ടിയ ഉറപ്പ് എന്താണെന്നോ അറിയില്ല. അതിൻ്റെ കണ്ടൻ്റ് എന്താണെന്ന് അറിയാൻ അവകാശമുണ്ട്. എന്നാൽ ഇതേപ്പറ്റി ചർച്ചകൾ ഒന്നുമുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഘടകകക്ഷികളെ അറിയിക്കേണ്ട കാര്യങ്ങൾ ഇരുട്ടിലാക്കിയല്ല തീരുമാനിക്കേണ്ടത്. ബദൽ കാഴ്ചപ്പാടുകളാണ് എൽഡിഎഫിന് വ്യത്യസ്തമാക്കുന്നത്. ബദൽ കാഴ്ചപ്പാടുകൾ ആരെക്കാളും വ്യക്തതയുള്ള പാർട്ടിയാണ് സിപിഐ എന്നും ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീയിൽ ഒപ്പുവയ്ക്കുന്ന കാര്യം ഘടക കക്ഷികളെ അറിയിക്കാത്തതിൻ്റെ യുക്തി മനസിലാകുന്നില്ല. മന്ത്രിസഭയ്ക്കത്തും വിഷയം ചർച്ചയായില്ല. രണ്ടുതവണ മന്ത്രിസഭയിൽ ചർച്ചയ്ക്ക് വന്നിരുന്നു. എന്നാൽ നയപരമായ തീരുമാനങ്ങൾക്കായി മാറ്റിവച്ചെന്നും പിന്നെ ചർച്ചയുണ്ടായില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ എൽഡിഎഫിൻ്റെ അവിഭാജ്യ ഭാഗമാണ്. എൽഡിഎഫിൻ്റെ ചരിത്രപരമായ വഴി സിപിഐയ്ക്കറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു. പദ്ധതിയിൽ ഒപ്പിട്ടുവെന്ന വാർത്ത വന്നത് അന്വേഷിച്ചപ്പോഴാണ് മനസ്സിലായത്. ഒപ്പിടൽ മുന്നണി മര്യാദകളുടെ ലംഘനമാണ്. എൽഡിഎഫിൽ നിന്നും ഇത് പ്രതീക്ഷിക്കുന്നില്ല. ഇടതുപക്ഷത്തിൻ്റെ ആശയങ്ങളും മൂല്യങ്ങളും മറന്നു പോകുന്ന ശൈലി തിരുത്തപ്പെടണം. ഇതല്ല ഇടതുമുന്നണി ശൈലി. ഇതാകരുത് ഇടതുമുന്നണി ശൈലിയെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
പി.എം ശ്രീ എൻഇപിയുടെ ഷോക്കേസാണ് എന്നാണ് രേഖ വായിച്ചപ്പോൾ മനസിലായത്. അല്ലാതെ പദ്ധതിയുടെ പേരല്ല പ്രശ്നം. പിഎം ശ്രീയിൽ ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. എസ്എഫ്ഐയുൾപ്പെടെ സമരപാതയിലാണ്. ഇടതുപക്ഷം മാത്രമാണ് പ്രതീക്ഷയുടെ പക്ഷം. വിദ്യാഭ്യാസ രംഗത്തെ വർഗീയ വത്കരണം ചെറുക്കാൽ വിദ്യാഭ്യാസ പ്രേമികൾ പ്രതീക്ഷയോടെ നോക്കുന്നത് ഇടതുപക്ഷത്തെയാണ്, അതിനെ ഇടതുപക്ഷം മാനിക്കണം എന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പി എം ശ്രീയിൽ ഒപ്പിടുമ്പോൾ പലവട്ടം ചിന്തിക്കണം. ഇടപെടും മുമ്പ് രണ്ടുവട്ടം ചിന്തിക്കണം എന്ന് സിപിഐ പറഞ്ഞതാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയ ബോധം പറഞ്ഞത് ഗൗരവമായി കാണേണ്ട കാര്യമാണ്. അസ്വാഭാവികമായ തിരക്കോടു കൂടി വാഗ്ദാനം ചെയ്ത ചർച്ചയില്ലതെ ഒപ്പുവയ്ക്കുന്നു. ഒരു ഉദ്യോഗസ്ഥ ഡൽഹിയിൽ എത്തുന്നു ഒപ്പുവയ്ക്കുന്നു. ശേഷം ബിജെപി പുകഴ്ത്തുന്നു. ആദ്യം പിന്തുണച്ചത് ബിജെപിയാണ്. പിന്നെ എബിവിപിയും. ഇതിൽ എന്തോ അസ്വാഭാവികതയുണ്ട്. സംതിങ് ഈസ് റോങ് എന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
സിപിഐ മന്ത്രിമാർക്ക് ആർക്കും വിഷയത്തെ കുറിച്ച് അറിയില്ല. ഒടുവിൽ കൂടിയ ക്യാബിനറ്റിലും ചോദിച്ചു.ഒരാളും ഉത്തരം പറഞ്ഞില്ല. എന്ത് കൂട്ടുത്തരവാദിത്തമാണ് ഇത്? അവഗണിക്കാൻ ശ്രമിക്കുന്നത് എന്ത് കൂട്ടത്തരവാദിത്തം. അതല്ല എൽഡിഎഫ്, അതായിക്കൂട. എന്താണ് ഒപ്പിട്ടത് എന്ന് ചിന്തിച്ചിരുന്നോ? എൻഇപിയിലേക്ക് ചാടുമ്പോൾ രണ്ടുവട്ടം ചിന്തിക്കണം. അതുണ്ടായോ എന്നും ബിനോയ് വിശ്വം ചോദിച്ചു.
വർഗീയ ഭ്രാന്തിൻ്റെ ഇരുട്ടിൽ കൊളുത്തിവച്ച വെളിച്ചമാണ് എൽഡിഎഫെന്നും ബിനോയ് വിശ്വം പറഞ്ഞു. അതിനെ നിസ്സാരമായി കാണാൻ ആരും ശ്രമിച്ചാലും സിപിഐ അനുവദിക്കില്ല. ആലപ്പുഴയിൽ 27ന് സിപിഐ എക്സിക്യൂട്ടീവ് ചേരുമെന്നും അതിൽ വിഷയം ചർച്ച ചെയ്യുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.