

തിരുവനന്തപുരം: പിഎം ശ്രീയിൽ ഉണ്ടായത് എൽഡിഎഫിൻ്റെ ഐക്യത്തിന്റെ വിജയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിജയത്തിൻ്റെയോ പരാജയത്തിൻ്റെയോ കണക്കെടുക്കാൻ സിപിഐ ഇല്ല. ഇടതുപക്ഷ ആശയത്തിൻ്റെ വിജയമാണ് ഉണ്ടായത്. നിർണായക മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. യോഗത്തിലെ തീരുമാനങ്ങൾ അറിയിക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടതുമുന്നണിയെ പിടിച്ചുലച്ച പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ തീരുമാനമായിരുന്നു. പദ്ധതിയിൽ നിന്ന് കേരളം പിന്മാറുന്നതായി കേന്ദ്രത്തെ അറിയിക്കാനാണ് സർക്കാർ തീരുമാനം. എകെജി സെൻ്ററിൽ ചേർന്ന സിപിഐഎം-സിപിഐ ചർച്ചയിലാണ് തീരുമാനമായത്. അതേസമയം വിഷയം പഠിക്കാൻ മന്ത്രിസഭ ഉപസമിതിയെ നിയോഗിക്കും. സിപിഐ സെക്രട്ടേറിയറ്റിന്റെ അംഗീകാരം ലഭിച്ചതോടെയാണ് സമവായത്തിന് ധാരണയായത്.
പടയിൽ ജയിച്ചതോടെ സിപിഐ മന്ത്രിമാർ മൂന്നരയ്ക്ക് ചേർന്ന മന്ത്രിസഭ യോഗത്തിൽ പങ്കെടുത്തു. സിപിഐ സമ്പൂർണ സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നോടിയായി സിപിഐ മന്ത്രിമാരും പിണറായി വിജയൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ എന്നിവരുമായി ചർച്ച നടത്തിയിരുന്നു.