പുതിയ സംസ്ഥാന ഭാരവാഹി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയിൽ പൊട്ടിത്തെറി. പാനലിസ്റ്റ് വാട്ട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പി.ആർ. ശിവശങ്കരൻ ലെഫ്റ്റടിച്ചു. ബിജെപിയിൽ ഒരുപക്ഷവും ഇല്ലെന്ന് എം.ടി. രമേശ് ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
വി. മുരളീധരൻ - കെ. സുരേന്ദ്രൻ പക്ഷത്തെ വെട്ടിനിരത്തിയാണ് ബിജെപി പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ കമ്മിറ്റിയിലെ ജനറൽ സെക്രട്ടറിമാരിൽ എം.ടി. രമേശിനെ മാത്രമാണ് നിലനിർത്തിയത്. കഴിഞ്ഞ കമ്മിറ്റിയിൽ അവഗണന നേരിട്ടുവെന്ന് ആരോപണം ഉയർന്നിരുന്ന ശോഭാ സുരേന്ദ്രനെ ജനറൽ സെക്രട്ടറിയായി ഉയർത്തി. മുൻ ഡിജിപി ആർ. ശ്രീലേഖ, ഷോൺ ജോർജ് തുടങ്ങി പത്ത് വൈസ് പ്രസിഡണ്ടുമാരാണ് പുതിയ കമ്മിറ്റിയിലുള്ളത്.
സംസ്ഥാന ബിജെപിയിയിലെ ഭിന്നത രൂക്ഷമാക്കുന്ന തരത്തിലാണ് പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കിയിട്ടുള്ളത്. എം.ടി. രമേശ് മാത്രമാണ് പുതിയ കമ്മിറ്റിയിലും ജനറൽ സെക്രട്ടറിയായി തുടരുന്നത്. കഴിഞ്ഞ ജനറൽ സെക്രട്ടറിമാരായ സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവരെ വൈസ് പ്രസിഡണ്ടുമാരാക്കി തരം താഴ്ത്തി. എന്നാൽ കെ. സുരേന്ദ്രനോട് ഭിന്നിച്ച് നിന്നിരുന്ന ശോഭാ സുരേന്ദ്രൻ ജനറൽ സെക്രട്ടറിയായത് സുരേന്ദ്രൻ വിരുദ്ധ വിഭാഗത്തിന് നേട്ടമാണ്. എസ്. സുരേഷ്, അനൂപ് ആൻ്റണി ജോസഫ് എന്നിവരാണ് മറ്റ് ജനറൽ സെക്രട്ടറിമാർ. മുൻ ഡിജിപി ആർ. ശ്രീലേഖ, ഷോൺ ജോർജ്, ഡോ. കെ.എസ്. രാധാകൃഷ്ണൻ എന്നിവർ ഉൾപ്പടെ പത്ത് വൈസ് പ്രസിഡണ്ടുമാരാണുള്ളത്.
പുതിയ ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് ഒരു തർക്കവും ഇല്ലെന്ന് എം.ടി. രമേശ് പ്രതികരിച്ചു. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് പുതിയ നേതൃത്വത്തിന്റെ പ്രധാന ചുമതലയെന്ന് ശോഭാ സുരേന്ദ്രനും, ഷോൺ ജോർജും പറഞ്ഞു. മുതിർന്ന വനിതാ നേതാക്കളായ വി.ടി. രമ, സിന്ധു മോൾ എന്നിവരെ ഭാരവാഹി പട്ടികയിൽ നിന്നും ഒഴിവാക്കിയതിലും അമർഷമുണ്ട്. പട്ടികജാതി - പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഒരാളെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന കീഴ്വഴക്കവും പുതിയ നേതൃത്വം ലംഘിച്ചതായി ആരോപണമുണ്ട്. പുതിയ ഭാരവാഹി പട്ടികയിൽ അവഗണന നേരിട്ട വി. മുരളീധരൻ - കെ. സുരേന്ദ്രൻ പക്ഷം വഴങ്ങുമോ, എതിർക്കുമോ എന്നത് കാത്തിരുന്ന് കാണണം.