തിരുവനന്തപുരം: ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. വട്ടിയൂർക്കാവ് മണ്ഡലത്തിലേക്ക് കൊടികൾ വാങ്ങിയതിന് സമർപ്പിച്ചത് വ്യാജ ബില്ലുകളെന്ന് ന്യൂസ് മലയാളം അന്വേഷണത്തിൽ കണ്ടെത്തി. വാമനപുരം കണിച്ചോട് ഭാഗത്തെ ബിജെപി പ്രാദേശിക നേതാവിന്റെ പലചരക്ക് കടയുടെ ബില്ലുകൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. കടയിൽ കൊടികൾ വിൽക്കാറില്ലെന്ന് കടയുടമ ന്യൂസ് മലയാളത്തോട് പറഞ്ഞു.
പാർട്ടി കൊടിയും ചിഹ്നവും വിതരണം ചെയ്തത് മുതൽ സോഷ്യൽ മീഡിയ പ്രചാരണം വരെയുളള കാര്യങ്ങളിൽ ക്രമക്കേട് നടത്തി നേതാക്കൾ കോടികൾ തട്ടിയെടുത്തതായി ബിജെപി കേന്ദ്രനേതൃത്വം ചുമതലപ്പെടുത്തിയ ഓഡിറ്റിങ് സംഘം കണ്ടെത്തിയിരുന്നു. കൊടിയും, ചിഹ്നവും കേന്ദ്ര നേതൃത്വം സൗജന്യമായി നൽകിയിട്ടും അതിന്റെ പേരിൽ തിരുവനന്തപുരത്തെ വനിതാ നേതാവ് കോടികൾ തട്ടിയെടുത്തപ്പോൾ മറ്റൊരു നേതാവ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്ന 40 ലക്ഷം രൂപയും വായ്പയടക്കം തിരിച്ചടച്ചിരുന്നു. സോഷ്യൽ മീഡിയ കൈകാര്യം ചെയ്തയാൾ 17 ലക്ഷം രൂപയുടെ കാർ ഇഎംഐ ഇല്ലാതെ റൊക്കം കാശിന് സ്വന്തമാക്കിയിരുന്നു. ഏലം വിറ്റ് കാർ വാങ്ങിയെന്നായിരുന്നു വിശദീകരണം.
ദേശീയ നേതാക്കളും താരപ്രചാരകരും വന്നപ്പോൾ ഹോട്ടലും സൗകര്യങ്ങളും ഒരുക്കിയതിന്റെ പേരിലും ലക്ഷങ്ങൾ തട്ടിച്ചെടുത്തിരുന്നു. 100 മണിക്കൂർ പറക്കാൻ വേണ്ടി ഹെലികോപ്ടർ വാടകക്ക് എടുത്ത വകയിലും പണം മുക്കി. ഡ്രോൺ ഷോ നടത്താമെന്ന് പറഞ്ഞും, പോഡ്കാസ്റ്റ് ചെയ്യാനുമായി ലക്ഷങ്ങളാണ് തട്ടിയെടുത്തത്.