
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ബിജെപി നേതാവ് ഖുശ്ബൂ. സ്ത്രീകളെ അക്രമിക്കുന്നവര്‍ പൊതു പദവികളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്നും ഖുശ്ബൂ പറഞ്ഞു. എത്ര സ്ത്രീകളുടെ ശാപം, എത്ര അമ്മമാരുടെ ശാപം ഇന്ന് നിങ്ങളെ ബാധിച്ചിട്ടുണ്ടാകുമെന്നും ഖുശ്ബൂ ചോദിക്കുന്നു. പാലക്കാട് ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഖുശ്ബൂവിന്റെ പ്രതികരണം.
രാഹുലിനെ ജയിപ്പിച്ചത് ജനങ്ങളാണ്. അതില്‍ സ്ത്രീകളുമുണ്ട്. അവരുടെ വിശ്വാസത്തെ തകര്‍ത്തവര്‍ അത്തരമൊരു പദവിയില്‍ ഇരിക്കാന്‍ പാടില്ലെന്നും ഖുശ്ബൂ പറഞ്ഞു. രാഹുല്‍ ഗാന്ധിക്കെതിരെയും ഖുശ്ബൂ വിമര്‍ശനമുന്നയിച്ചു. ഡല്‍ഹിയിലുള്ള രാഹുല്‍ ഒരു പണിയുമെടുക്കില്ലെന്നും ഇവിടെയുള്ള രാഹുല്‍ തെറ്റായ കാര്യങ്ങള്‍ മാത്രമാണ് ചെയ്യുകയെന്നും ഖുശ്ബൂ പറഞ്ഞു.
ഡല്‍ഹിയിലുള്ള രാഹുല്‍ പറയുന്നത് താന്‍ ഒരു ശിവ ഭക്തനാണെന്നാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ശിവനോടുള്ള ഭക്തി വരുന്നത്. അല്ലാത്ത സമയത്തൊക്കെ ബാങ്കോക്കിലുണ്ടാകും. ഇവിടെയുള്ള രാഹുല്‍ ചെയ്യുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ആ രാഹുലും ഈ രാഹുലും തമ്മില്‍ ഒരു വ്യത്യാസവും തനിക്ക് തോന്നുന്നില്ലെന്നും ഖുശ്ബൂ പറഞ്ഞു.
ഖുശ്ബൂവിന്റെ വാക്കുകള്‍
പാലക്കാട് ഒരു വലിയ സംഭവം നടക്കുകയല്ലേ. നിങ്ങളുടെ എംഎല്‍എ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുന്നുവെന്ന് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്. അവരോട് ഒരു കാര്യം മാത്രം പറയാന്‍ ആഗ്രഹിക്കുകയാണ്. ദൈവം എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്കുള്ള മറുപടി ഈ ജന്മത്തില്‍ തന്നെ അനുഭവിക്കണം. അത് നേരിടാന്‍ അടുത്ത ജന്മം ഒന്നും ഉണ്ടാവില്ല.
എത്ര സ്ത്രീകളുടെ ശാപം, എത്ര അമ്മമാരുടെ ശാപം ഇന്ന് നിങ്ങളെ ബാധിച്ചിട്ടുണ്ടാകും. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടൊന്നും ഒരു കാര്യവുമില്ല. രാഹുല്‍ എംഎല്‍എ പദവി രാജിവെക്കണം. സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തുന്ന ആള്‍ക്ക് പൊതു പദവികളില്‍ ഇരിക്കാനുള്ള അവകാശമില്ല. നിങ്ങളെ ജയിപ്പിച്ചത് ജനങ്ങളാണ്. നിങ്ങളെ വിജയിപ്പിച്ചവരില്‍ സ്ത്രീകളുമുണ്ട്. അങ്ങനെയുള്ള ദ്രോഹം ചെയ്ത നിങ്ങള്‍ എംഎല്‍എ പദവിയില്‍ ഇരിക്കരുത്.
രാഹുല്‍ ഗാന്ധിയോട് ചോദിക്കുകയാണ്, നിങ്ങളും രാഹുല്‍, ഇവിടെയുള്ളതും ഒരു രാഹുല്‍. ഡല്‍ഹിയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി ഒരു പണിയും എടുക്കില്ല. ഇവിടെയുള്ള രാഹുല്‍ തെറ്റായ കാര്യങ്ങള്‍ മാത്രം ചെയ്യുന്നു.
രണ്ട് രാഹുല്‍ മാരോടുമായി ചോദിക്കുകയാണ്. നിങ്ങള്‍ക്ക് മനഃസാക്ഷിയുണ്ടോ? ഡല്‍ഹിയിലുള്ള രാഹുല്‍ പറയുന്നത് താന്‍ ഒരു ശിവ ഭക്തനാണെന്നാണ്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ശിവനോടുള്ള ഭക്തി വരുന്നത്. അല്ലാത്ത സമയത്തൊക്കെ ബാങ്കോക്കിലുണ്ടാകും. ഇവിടെയുള്ള രാഹുല്‍ ചെയ്യുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍, ആ രാഹുലും ഈ രാഹുലും തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് തോന്നുന്നില്ല. എല്ലാം അധികാരമാണ്. രാഹുല്‍ രാജിവയ്ക്കണം. ഒരു ഉപതെരഞ്ഞെടുപ്പ് വരണം. എന്നാല്‍ അത് അവര്‍ ചെയ്യില്ല. കാരണം, ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ബിജെപി വിജയിക്കും.