ഇന്ത്യൻ ദേശീയ പതാകയ്ക്ക് പകരം കാവി കൊടിയാക്കണമെന്ന് ബിജെപി മുൻ ദേശീയ കൗൺസിൽ അംഗവും നിലവിലെ നഗരസഭ കൗൺസിലറുമായ ശിവരാജൻ. ദേശീയപതാക കാവിക്കൊടിയാക്കണം. ഭാരതാംബ വിവാദത്തിൽ സർക്കാരിനും പ്രതിപക്ഷത്തിനും എതിരായ പ്രതിഷേധസമരത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം പ്രതികരികരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരണത്തിനിടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെയും ശിവരാജൻ അധിക്ഷേപിച്ചു. ശിവൻകുട്ടിയല്ല ശവൻകുട്ടിയാണ് എന്നാണ് ശിവരാജൻ്റെ അധിക്ഷേപം. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയപാർട്ടികൾ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജൻ പ്രതികരിച്ചു. കോൺഗ്രസ് പച്ചപ്പതാക ഉപയോഗിക്കട്ടെ. ഇന്ത്യൻ ചരിത്രമറിയാത്ത സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജൻ പ്രതികരിച്ചു. ശിവരാജന്റെ വിവാദ പരാമർശത്തെ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്ന് ബിജെപി നേതാവ് വി. മുരളീധരൻ ഒഴിഞ്ഞുമാറി. ശിവരാജൻ അല്ല, എൽ.കെ. അദ്വാനിയാണ് പാർട്ടിയുടെ മുതിർന്ന നേതാവെന്നായിരുന്നു മുരളീധരൻ്റെ പ്രതികരണം.
ശിവരാജൻ്റെ വിവാദ പ്രസ്താവനയിൽ കോൺഗ്രസ് പ്രതിഷേധമുയർത്തി. ദേശീയപതാകയെ അപമാനിച്ച സംഭവത്തിൽ ശിവരാജനെതിരെ കോൺഗ്രസ് പരാതി നൽകി. ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്. രാജ്യദ്രോഹക്കുറ്റത്തിൻ്റെ വിവിധ വകുപ്പുകൾ ചുമത്തണമെന്ന് പരാതിയിൽ പറയുന്നു.
അതേസമയം, ഭാരതാംബയുടെ ചിത്രത്തിലെ കൊടി സംബന്ധിച്ച് ബിജെപിയിൽ ആശയക്കുഴപ്പം. കാവിക്കൊടിക്ക് പകരം ദേശീയ പതാകയായിരുന്നു എൽഡിഎഫിനും യുഡിഎഫിനും എതിരായ പ്രതിഷേധത്തിന്റെ ഇന്ന് പുറത്തിറക്കിയ പോസ്റ്ററിൽ. എന്നാൽ, പ്രതിഷേധത്തിനിടെ പുഷ്പാർച്ചന നടത്തിയത് കാവി കൊടി പിടിച്ച ഭാരതാംബയ്ക്ക് മുന്നിലാണ്. കൊടിയുടെ കാര്യത്തിൽ ബിജെപിക്ക് ആശയക്കുഴപ്പമില്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ പ്രതികരിച്ചു. രണ്ട് പതാകകളും ബിജെപിയും ആർഎസ്എസും ഒരുപോലെ ബഹുമാനിക്കുന്നുണ്ടെന്നും വിശദീകരണം.