തിരുവനന്തപുരം: സിപിഐഎമ്മിനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ. ജനങ്ങളുടെ ചോര കുടിച്ചു വീർത്ത അട്ടകളായി സിപിഐഎം നേതാക്കൾ മാറിയെന്ന് ബിജെപി നേതാവ് വി. മുരളീധരൻ. സ്വന്തം കുടുംബത്തിൻ്റെ സാമ്പത്തിക ആസ്തി വർധിപ്പിക്കാനുള്ള ശ്രമമാണ് ഇതിനുപിന്നിൽ. നിരവധി സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പ് സിപിഐഎം നേതാക്കൾക്ക് വേണ്ടി നടത്തിയിട്ടുള്ളതാണ് എന്ന് ഈ വെളിപ്പെടുത്തലിൽ നിന്നും വ്യക്തമാക്കുകയാണ് എന്നും മുരളീധരൻ പറഞ്ഞു.
ഡിവൈഎഫ്ഐ നേതാവിൻ്റെ സാമ്പത്തിക ആരോപണ ശബ്ദരേഖ പുറത്തുവന്നു. സിപിഐഎം നേതാക്കളെ ഡീലേഴ്സ് എന്നാണ് ഇപ്പോൾ വിളിക്കുന്നത്. കരുവന്നൂരിൽ പറഞ്ഞത് സത്യമാണെന്ന് ഇപ്പോൾ തെളിയുന്നു. നിരവധി സഹകരണ ബാങ്കുകളിലെ സാമ്പത്തിക തട്ടിപ്പ് സിപിഐഎം നേതാക്കൾക്ക് വേണ്ടി നടത്തിയിട്ടുള്ളതാണ് എന്നാണ് ഇതിൽ നിന്നും വ്യക്തമാക്കുകയാണ്.
അയ്യപ്പ സംഗമത്തിന് പിന്നിൽ സർക്കാരിൻ്റെ കാപട്യം മാത്രമാണ്. ഒരു സുപ്രഭാതത്തിൽ മുഖ്യമന്ത്രി ശബരിമല വികസനത്തിന് ചർച്ച നടത്തുന്നു. സംഗമത്തിന് പിന്നിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ലക്ഷ്യം മാത്രമാണ്. തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പണ പിരിവാണ് ഉദ്ദേശിക്കുന്നത് എന്നും മുരളീധരൻ പറഞ്ഞു. കൂടാതെ ന്യൂനപക്ഷ സെമിനാർ നടത്തുന്നത് ജനങ്ങളെ മതത്തിൻ്റെ അടിസ്ഥനത്തിൽ വേർതിരിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് മുമ്പിൽ കണ്ടുള്ള ഇത്തരം പ്രഹസനങ്ങൾ അവസാനിപ്പിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
പൊലീസ് ആക്രമണങ്ങളുടെ വാർത്തകൾ നിരന്തരം വരുന്നു. ലോകത്തിലുള്ള എല്ലാ വിഷയത്തെ കുറിച്ചും പ്രതികരിക്കുന്ന മുഖ്യമന്ത്രി ഇതിനെ പറ്റി ഒരക്ഷരം മിണ്ടിയിട്ടില്ല. ബഹുമാനം ചോദിച്ച് വാങ്ങുന്ന നാണം കെട്ട മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിയുടെ മാതാവിനെതിരായ അധിക്ഷേപവും മാതൃത്വത്തോടുള്ള അധിക്ഷേപവുമാണ് ഡീപ് ഫേക്ക് വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ വ്യത്യസ്തനായ പ്രധാനമന്ത്രിയാണ്. അദ്ദേഹത്തിൻ്റെ മാതാവോ സഹോദരങ്ങളോ രാഷ്ട്രീയത്തിൽ ഇടപെടാറില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.