തിരുവനന്തപുരം: തിരുമല ബിജെപി കൗൺസിലറായിരുന്ന കെ. അനിൽ കുമാറിന്റെ ആത്മഹത്യയുടെ ഉത്തരവാദികൾ ബിജെപി നേതാക്കളെന്ന് ബിജെപി മുൻ ഐടി സെൽ അംഗത്തിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. അനിൽകുമാറിന്റെ മരണത്തിന് ഉത്തരവാദികൾ ബിജെപി നേതാക്കളാണ്. പ്രധാന നേതാക്കൾ പണം എടുത്തിട്ട് തിരികെ അടച്ചില്ലെന്ന് വിഷ്ണു തോന്നയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു. ഇപ്പോൾ ഭരണ സമിതിയുടെയും ജീവനക്കാരുടെയും തലയിൽ കെട്ടിവക്കാനാണ് ശ്രമം. അനിൽ കുമാറിനെ മരണത്തിലേക്ക് തള്ളിവിട്ടത് പണമോഹികളായ നേതാക്കളാണ്. ഇവർ തന്നെ അദ്ദേഹത്തിൻറെ ഭൗതിക ദേഹത്തിന് മുന്നിൽ ഉളുപ്പില്ലാതെ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്തു നിൽക്കുന്നത് കണ്ടു. ലോണെടുത്ത് തിരിച്ചടയ്ക്കാത്ത ബിജെപി നേതാക്കളുടെ പേര് വിവരങ്ങൾ പുറത്തുവിടണമെന്നും വിഷ്ണു തോന്നയ്ക്കൽ ഫേസ്ബുക്കിൽ കുറിച്ചു.
നല്ല നിലയിൽ, ജനസ്വീകാര്യതയോടെ പ്രവർത്തിച്ചു പോരുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ ജില്ല ഫാം ടൂർ കോർപ്പറേറ്റീവ് സൊസൈറ്റി. ജീവനക്കാരുടെ കളങ്കമില്ലാത്ത പ്രവർത്തനവും ഇടപാടുകാരോടുള്ള സൗമ്യമായ ഇടപെടലുകളും ശ്രദ്ധേയമാണ്. നിലവിലെ പ്രതിസന്ധിയേയും അവിടുത്തുകാർ തരണം ചെയ്യുമെന്ന് ഉറപ്പാണ്. ആ ജീവനക്കാരുടെ മനോവീര്യം കെടുത്തുന്ന സംഭവങ്ങളാണ് സ്വന്തം പാളയത്തിൽ നിന്ന് തന്നെ ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഏറെ വിഷമം തോന്നിയതിനാലാണ് ഈ പോസ്റ്റ് ഇടേണ്ടി വന്നത്. ബാങ്കിൻ്റെ സൽപ്പേരിനു കളങ്കം ഉണ്ടാക്കിയത്, ജീവനക്കാരല്ല; മറിച്ചു ബിജെപി നേതാക്കളാണ് എന്നുള്ളത് പകൽ പോലെ വ്യക്തമാണ്. തിരിച്ചടക്കാൻ പണം ഉള്ളവർ, വൻ തുകകൾ ലോൺ എടുത്തു അടവ് മുടക്കിയതാണ് പ്രധാന പ്രതിസന്ധി. അനിച്ചേട്ടനെ മരണത്തിലേക്ക് തള്ളിവിട്ട "പണ മോഹികളായ" ആ നേതാക്കൾ തന്നെ അദ്ദേഹത്തിന്റെ ഭൗതികദേഹത്തിനു മുന്നിൽ ഉളുപ്പില്ലാതെ ഫോട്ടോക്ക് പോസ് ചെയ്‌തു നിൽക്കുന്നതും, അനുസ്‌മരണ പരിപാടികളിൽ മുൻനിരയിൽ കാലും നീട്ടിവെച്ചു കലാപരിപാടികൾ ആസ്വദിക്കുന്ന മനോഭാവത്തോടെ ഇരിക്കുന്നതും.. കണ്ടു, സഹിച്ചു. സംഘടനയെ ഓർത്തു മിണ്ടിയില്ല. എന്നാൽ, ആ നേതാക്കളും അവരുടെ സ്‌തുതി പാട്ടുകാരും പുതിയ ഭാവനകൾ മെനഞ്ഞു വരികയാണ്. ബാങ്ക് ജീവനക്കാരും ഭരണ സമിതി അംഗങ്ങളും പണം തട്ടുന്നവരാണ് എന്നാണ് നിലവിലെ വ്യാഖ്യാനം. ഉത്തരവാദിത്തപ്പെട്ട ചുമതലകളിൽ ഉള്ളവരും, ഉണ്ടായിരുന്നവരും ആണ് സ്വന്തം പ്രസ്ഥാനത്തിലെ തന്നെ പ്രവർത്തകരായിട്ടുള്ളവരെ അപകീർത്തിപ്പെടുത്തുന്നത്.
ബാങ്കിൽ നിന്നും വൻതുകകൾ ലോൺ എടുത്തു തിരിച്ചടയ്ക്കാൻ കഴിയുമായിരുന്നിട്ടും തിരിച്ചടക്കാതെ നടക്കുന്ന "നേതാക്കളുടെ" പേരുവിവരങ്ങളും എടുത്ത തുകയും കാലയളവും പൊതുജനങ്ങളുടെ അറിവിലേക്കായി നൽകണമെന്ന് ബാങ്ക് ഭരണ സമിതിയോട് അഭ്യർത്ഥിക്കുന്നു. ബാങ്കിനെയും ജീവനക്കാരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പൊതു സമൂഹത്തിൽ നിന്നുകൊണ്ട് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്ന ഇത്തരക്കാരുടെ പൊയ് മുഖങ്ങൾ തുറന്നു കാട്ടപ്പെടണം. അണിചേട്ടനോട് ചെയ്യാൻ സാധിക്കുന്ന വലിയ കാര്യമാകും അത്.