കൊച്ചി: സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഓര്‍ത്തഡോക്‌സ് സഭ തൃശൂര്‍ യൂഹനോന്‍ മാര്‍ മിലിത്തിയോസിൻ്റെ പരിഹാസത്തിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. കേന്ദ്രമന്ത്രിക്ക് ഒരുപാട് ഉത്തരവാദിത്തമുണ്ടാകും. പിതാവിനോട് ഞാൻ സംസാരിക്കാം. എന്താണ് കാരണമെന്ന് വിളിച്ചു ചോദിക്കും. കൂടെയുണ്ടാവും എന്ന് പറയാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണത്തിനെതിരെയും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. രാഹുൽ ഗാന്ധി 10 തവണ വെക്കേഷന് പോകുന്നയാളാണ്. ഇവിടുത്തെ ജനാധിപത്യ സംവിധാനം അദ്ദേഹത്തിന് അറിയില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. എല്ലാ പാർട്ടിക്കും അവകാശമുണ്ട്. എല്ലാം തെരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. അത് രാഹുൽ ഗാന്ധി പഠിച്ചിട്ടില്ല. മൂന്നുദിവസം നാലുദിവസം കൂടുമ്പോൾ രാഹുൽ ഗാന്ധി നാടകം നടത്തുന്നു. ശ്രദ്ധ തിരിക്കാനുള്ള രാഹുലിൻ്റെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സുരേഷ് ഗോപിയുടെ വിജയം കുറച്ചു കാണിക്കാനും തൃശൂരിലെ വോട്ടർമാരെ അപമാനിക്കാനുമാണ് യുഡിഎഫും എൽഡിഎഫും ശ്രമിക്കുന്നതെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. സുരേഷ് ഗോപിയുടെത് സമാനതകളില്ലാത്ത രാഷ്ട്രീയ വിജയം. അതിൽ നിന്നും കോൺഗ്രസും സിപിഐഎമ്മും മുക്തരായിട്ടില്ല. പൂരം വിവാദം ക്ലച്ച് പിടിക്കാതെ ആയതോടെയാണ് വോട്ടർപട്ടികക്കു പിറകെ പോകുന്നതെന്നും എം.ടി. രമേശ് പറഞ്ഞു.
ബിജെപി വ്യാപകമായി വോട്ട് ചേർത്ത് എന്നത് ശരിയാണെന്നും എം.ടി. രമേശ് പറഞ്ഞു. നിയമാനുസൃതമായാണ് എല്ലാ നടപടികളും നടത്തിയത്. ആവശ്യമുള്ള രേഖകൾ സമർപ്പിച്ച ശേഷമാണ് വോട്ട് ചേർത്തത്. സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരത്തു നിന്നും വോട്ട് വെട്ടിയാണ് തൃശൂരിൽ വോട്ട് ചേർത്തത്. ഇത് എല്ലാവരും ചെയ്യുന്ന കാര്യമാണ്. സുരേഷ് ഗോപിക്ക് രണ്ടു സ്ഥലത്ത് വോട്ട് ഇല്ലെന്നും സുരേഷ് ഗോപിയുടെ വായിലുള്ളത് കേട്ടാലേ സമാധാനം ആവുകയുള്ളൂവെങ്കിൽ മറുപടി പറയിപ്പിക്കാമെന്നും എം.ടി. രമേശ് പറഞ്ഞു.