പാലക്കാട്: ലൈംഗിക പീഡന പരാതി നിഷേധിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. കൃഷ്ണകുമാർ. ഇപ്പോൾ പ്രചരിക്കുന്ന ലൈംഗിക ആരോപണം കോടതി തന്നെ തള്ളിക്കളഞ്ഞതാണ്. പരാതി വീണ്ടും ഉയർന്നതിന് പിന്നിൽ സന്ദീപ് വാര്യരാണ് എന്നും കൃഷ്ണകുമാർ പറഞ്ഞു.
2015ലും 2020ലും ഇതേ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ വിഷയം ഇപ്പോൾ ചർച്ച ആയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് എന്നും കൃഷ്ണകുമാർ പറഞ്ഞു. പൊലീസ് കൃത്യമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചതാണ്.
സ്വത്ത് തർക്കത്തെ തുടർന്നാണ് ഇത്തരത്തിലൊരു പരാതി വന്നത്. ആരോപണം ഉന്നയിച്ച വ്യക്തി 2010ൽ അന്യ മതസ്ഥനെ വിവാഹം ചെയ്ത് എറണാകുളത്തേക്ക് പോയി. 2014ൽ അവർ വീട്ടിലേക്ക് വന്നപ്പോൾ തൻ്റെ ഭാര്യ പിതാവ് ഭാര്യയുടെ പേരിൽ സ്വത്ത് എഴുതി വെച്ചത് കണ്ടപ്പോൾ ഉണ്ടായ വൈരാഗ്യം മൂലമാണ് പരാതി നൽകിയത്.
സ്വത്ത് തർക്ക കേസിൽ തോറ്റതിൻ്റെ പേരിലുള്ള കള്ളപരാതിയാണ് ഇപ്പോൾ പൊങ്ങിവന്നത്. എൻ്റെ മടിയിൽ കനം ഇല്ലാ, ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണ് എന്നും കൃഷ്ണകുമാർ പറഞ്ഞു. വി. ഡി. സതീശനും കോൺഗ്രസ് നേതാക്കളും ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കാൻ വരേണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.