കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ മതം നോക്കി സ്ഥാനാർഥികളെ നിർത്താൻ ബിജെപി. ക്രിസ്ത്യൻ മതത്തിൽപ്പെട്ടവരെ സ്ഥാനാർഥികൾ ആക്കാനാണ് നിർദേശം. കണ്ണൂരിൽ പഞ്ചായത്തുകൾക്ക് എണ്ണം തിരിച്ച് സർക്കുലറും പുറത്തിറക്കി. ബിജെപി സംസ്ഥാന ഘടകത്തിന്റെ നിർദേശപ്രകാരമാണ് സർക്കുലർ.
ഓരോ പഞ്ചായത്തിലും മത്സരിക്കേണ്ട ക്രിസ്ത്യൻ സ്ഥാനാർഥികളുടെ എണ്ണം രേഖപ്പെടുത്തികൊണ്ടാണ് സർക്കുലാർ പുറത്തുവന്നിരിക്കുന്നത്. ഒൻപത് പഞ്ചായത്തുകളിലായി 47 ക്രിസ്ത്യൻ സ്ഥാനാർഥികളെ മത്സരിപ്പിക്കണമെന്ന് സർക്കുലാറിൽ പറയുന്നു.
അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ മുസ്ലീം വീടുകളിലും സന്ദര്‍ശനം നടത്താനൊരുങ്ങുകയാണ് ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. അബ്ദുൽ സലാമിൻ്റെ നേതൃത്വത്തിൽ ഒരു മുസ്ലിം ഔട്ട് റീച്ച് പദ്ധതിയിടുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളെ ചേർത്തുനിർത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്നും, വോട്ട് പിടിക്കാൻ വേണ്ടിയല്ല ഔട്ട് റീച്ച് ആരംഭിക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.
എല്ലാ മുസ്ലീം വീടുകളിലും സന്ദർശനം നടത്തും. ബിജെപി സൃഷ്ടിക്കാൻ ആഗ്രഹിക്കുന്ന വികസിത കേരള സന്ദേശം മുസ്ലീം വീടുകളിലുൾപ്പെടെ നൽകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സിപിഐഎമ്മും കോൺഗ്രസും ന്യൂനപക്ഷങ്ങളിൽ വിഷം കുത്തിവയ്ക്കുകയാണെന്നും ബിജെപി അധ്യക്ഷൻ ആരോപിച്ചു.