

അരീക്കോട്: സിവിയർ അപ്ലാസ്റ്റിക് അനീമിയ എന്ന ഗുരുതര രക്തരോഗത്തിന് ചികിത്സയിൽ കഴിയുന്ന പൂർവവിദ്യാർത്ഥിനി റാഫിയ ഷെറിന് അനുയോജ്യമായ സ്റ്റെം സെൽ ദാതാവിനെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി, അരീക്കോട് സുല്ലമുസ്സലാം സയൻസ് കോളേജ് (ഓട്ടോണമസ്) ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ശരീരത്തിന് ആവശ്യമായ രക്തകോശങ്ങൾ നിർമ്മിക്കാൻ അസ്ഥിമജ്ജയ്ക്ക് കഴിയാതെ വരുന്ന രോഗമാണ് അപ്ലാസ്റ്റിക് അനീമിയ. ഇതിന്റെ ഗുരുതര രൂപമായ സിവിയർ അപ്ലാസ്റ്റിക് അനീമിയയിൽ ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്ലെറ്റുകൾ എന്നിവ ഗണ്യമായി കുറയാം. ക്ഷീണം, അണുബാധകൾ, രക്തസ്രാവം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. അനുയോജ്യരായ രോഗികൾക്ക് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ് മാത്രമാണ് ഏക പോംവഴി. ദാതാവിൽനിന്നുള്ള ആരോഗ്യമുള്ള സ്റ്റെം സെല്ലുകൾ രോഗിയുടെ ശരീരത്തിൽ പുതിയ രക്തകോശങ്ങൾ നിർമ്മിക്കാൻ സഹായിക്കുന്നു.
സ്വന്തം പ്രതിരോധവ്യവസ്ഥതന്നെ അസ്ഥിമജ്ജയിലെ മൂലകോശങ്ങളെ തകരാറിലാക്കുന്ന രോഗാവസ്ഥയാണ് റാഫിയയുടേത്. ഉചിതമായ മൂലകോശം മാറ്റിവെക്കുകയാണ് രക്ഷാമാർഗം. രക്തഗ്രൂപ്പ് ചേരുന്ന പോലെ രക്തത്തിലെ ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ (എച്ച്.എൽ.എ.) യോജിക്കുന്ന ദാതാവിനെ കിട്ടണം. 10 ലക്ഷം പേരിൽ ഒരാളുടേത് എന്ന തോതിലൊക്കെയാണ് അനുയോജ്യമായ എച്ച്.എൽ.എ. കണ്ടെത്താൻ സാധ്യത. രക്തഗ്രൂപ്പുകൾ പോലെ എളുപ്പത്തിൻ പൊരുത്തമുള്ള ആളെ കണ്ടെത്താൻ കഴിയില്ല. സ്വന്തം കുടുംബത്തിൽനിന്നുപോലും പൊരുത്തപ്പെടുന്ന ദാതാവിനെ ലഭിക്കാൻ സാധ്യത വളരെ കുറവാണ്. അത്കൊണ്ട് തന്നെ കൂടുതൽ വൈവിധ്യമുള്ള ആളുകൾ രജിസ്റ്റർ ചെയ്യുന്നത് അനുയോജ്യമായ ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വർധിപ്പിക്കും.
കോളേജിലും നാട്ടിലും സാമൂഹിക പ്രവർത്തനങ്ങളിലും പാലിയേറ്റീവ് പ്രവർത്തനങ്ങളിലും സജീവയായിരുന്ന റാഫിയയുടെ ചികിത്സയ്ക്ക് പിന്തുണയുമായി കൂടുതൽ പേരെ ദാതൃ രജിസ്ട്രിയിൽ ചേർക്കുകയെന്ന ലക്ഷ്യത്തോടെയാണ് കോളേജിന്റെ നേതൃത്വത്തിൽ പൂർവ വിദ്യാർത്ഥികളെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-സന്നദ്ധ മോഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെയും ബഹുജന കൂട്ടായ്മകളെയും സഹായത്തേടെ വിപുലമായ ക്യാമ്പ് സംഘടിപ്പിക്കുന്നത്. മൂലകോശ ദാതാക്കളുടെ, ലോകത്തിലെ പ്രമുഖ നെറ്റ്‌വർക്ക് ആയ ഡി.കെ.എം.എസ്സിന്റെ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ്. ഒക്ടോബർ 8, വ്യാഴാഴ്ച കോളേജ് ക്യാമ്പസിലാണ് പരിപാടി. രാവിലെ 07:30 മുതൽ വൈകുന്നേരം 06:30 വരെയാണ് സമയം.
മഞ്ചേരി ആമയൂർ സ്വദേശിയായ റാഫിയയും ഭർത്താവും നിലവിൽ ലണ്ടനിലെ മാഞ്ചസ്റ്ററിലാണുള്ളത്. 2017 ൽ സുല്ലമുസ്സലാം സയൻസ് കോളേജിൽനിന്നും ഇംഗ്ളീഷിൽ ബിരുദപഠനം പൂർത്തിയാക്കിയ റാഫിയ 2019 ലാണ് ലണ്ടനിലേക്ക് തിരിച്ചത്. ലങ്കാഷെയർ യൂണിവേഴ്സിറ്റിയിൽനിന്നും ഇന്റർകൾച്ചറൽ ബിസിനസ് കമ്മ്യൂണിക്കേഷനിൽ മാസ്റ്റർ ബിരുദം നേടിയശേഷം യു.കെയിൽ ജോലി ചെയ്തുവരികയായിരുന്നു. ജർമനിയിൽ എൻജിനിയറായിരുന്ന ഭർത്താവ് ഫവാസ് അഹമ്മദ് വാഴക്കാട് സ്വദേശിയാണ്.
18 മുതൽ 55 വയസ്സുവരെ പ്രായമുള്ള, മറ്റു അസുഖങ്ങൾ ഇല്ലാത്തവർക്ക് രജിസ്റ്റർ ചെയ്യാം. ഇതിനകം ഏതെങ്കിലും സ്റ്റെം സെൽ ദാതൃ രജിസ്ട്രിയിൽ ചേർന്നവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ക്യാമ്പിലെ സാമ്പിൾ ശേഖരണം ലളിതമാണ്. സ്റ്റെം സെൽ ദാനത്തെക്കുറിച്ചും ദാതാവിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും വിശദീകരിച്ച ശേഷം വ്യക്തിഗത വിവരങ്ങളും ആരോഗ്യവിവരങ്ങളും ഉൾപ്പെടുന്ന സമ്മതപത്രം പൂരിപ്പിക്കും. തുടർന്ന് അണുവിമുക്തമായ സ്വാബ് കവിളിന്റെ ഉൾഭാഗത്ത് ഉരച്ച് കോശ സാമ്പിൾ ശേഖരിക്കും. രജിസ്ട്രേഷനായി രക്തമെടുക്കുകയോ സൂചി കുത്തുകയോ ആവശ്യമില്ല. ഫോം പൂരിപ്പിക്കൽ ഉൾപ്പെടെ ഏകദേശം 5–10 മിനിറ്റാണ് വേണ്ടിവരുക. സാമ്പിൾ ലാബിൽ പരിശോധിച്ച് എച്ച്. എൽ. എ സവിശേഷതകൾ കണ്ടെത്തുകയും വിവരങ്ങൾ രഹസ്യമായി ദാതൃ രജിസ്ട്രിയിൽ സൂക്ഷിക്കുകയും ചെയ്യും.
ക്യാമ്പിൽ സ്വാബ് നൽകുന്നത് സ്റ്റെം സെൽ ദാനമല്ല, ഇതൊരു പരിശോധന മാത്രമാണ്. രജിസ്ട്രിയിൽ ഉൾപ്പെട്ട ഒരാൾക്ക് ഭാവിയിൽ ഏതെങ്കിലും രോഗിയുമായി പൊരുത്തം കണ്ടെത്തിയാൽ മാത്രമാണ് തുടർനടപടികൾക്കായി ബന്ധപ്പെടുക. തുടർന്ന് പൊരുത്തം സ്ഥിരീകരിക്കുന്ന പരിശോധനകളും ആരോഗ്യപരിശോധനയും വിശദമായ സമ്മതപ്രക്രിയയും പൂർത്തിയാക്കിയ ശേഷം മാത്രമേ മൂലകോശ ദാനത്തിലേക്ക് കടക്കൂ. റഫിയയ്ക്കായി സംഘടിപ്പിക്കുന്ന ക്യാമ്പാണെങ്കിലും, ഇവിടെ രജിസ്റ്റർ ചെയ്യുന്നവർ അനുയോജ്യമായ ദാതാവിനെ തേടുന്ന മറ്റു രോഗികൾക്കും സഹായമായേക്കാം. ദാതൃ രജിസ്ട്രിയിൽ ചേരുന്നത് ചികിത്സ കാത്തിരിക്കുന്ന ഒരാൾക്ക് പുതിയൊരു സാധ്യത തുറന്നുകൊടുക്കുന്ന സന്നദ്ധ പ്രവർത്തനമാണ്.
ഒക്ടോബർ 8-ന് കോളേജിലെത്തി രജിസ്റ്റർ ചെയ്യാനും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ക്യാമ്പിനെക്കുറിച്ച് അറിയിക്കാനും പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു. യുവജനസംഘടനകൾ, സന്നദ്ധസംഘടനകൾ, പൂർവവിദ്യാർത്ഥി കൂട്ടായ്മകൾ, പ്രദേശത്തെ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണവും സംഘാടകർ തേടുന്നുണ്ട്. സ്റ്റെംസെൽ ദാനംചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. രക്തദാനംപോലുള്ള രീതിയാണ് സ്വീകരിക്കുക. ശസ്ത്രക്രിയ ആവശ്യമില്ല. ദീർഘകാല പാർശ്വഫലങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാറില്ല. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഫോൺ: 8075913219, 9447405900, 9387292943, 9446972155.