വൈദ്യുത കമ്പിയില്‍ പരാതിയില്ലാത്ത സ്‌കൂളും മാറ്റാന്‍ തുനിയാത്ത കെഎസ്ഇബിയും; കൊല്ലത്ത് വിദ്യാര്‍ഥിയുടെ മരണത്തിലെ കൊടും അനാസ്ഥ
കൊല്ലം: തേവലക്കരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിക്കും സ്‌കൂള്‍ അധികൃതര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാവില്ല. 20 വര്‍ഷത്തോളമായി സ്‌കൂളിന് സമീപത്തുകൂടി കടന്നുപോകുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തിക്കെട്ടാന്‍ കെഎസ്ഇബിയോ ഇതു സംബന്ധിച്ച് പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതരോ ഇതുവരെ മുതിര്‍ന്നിട്ടില്ലെന്ന് ആക്ഷേപം.
വിദ്യാര്‍ഥിക്ക് ഷോക്കേറ്റ ഇരുമ്പ് ഷീറ്റില്‍ നിന്ന് കൈയ്യെത്തുന്ന ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇതില്‍ കെഎസ്ഇബിക്ക് പങ്കില്ലെന്നാണ് തേവലക്കര കെഎസ്ഇബിയിലെ സബ് എഞ്ചിനീയര്‍ അനീര്‍ കെ.കെ. പറഞ്ഞത്. വൈദ്യുതി ലൈനിന് കീഴിലായി എന്തെങ്കിലും നിര്‍മിക്കുന്നുണ്ടെങ്കില്‍ അത് കെഎസ്ഇബിയുടെ അനുമതിയോടെയേ നിര്‍മിക്കാന്‍ പാടുള്ളു എന്നാണ്. എന്നാല്‍ തൊട്ടടുത്ത ഗേള്‍സ് സ്‌കൂളിലേക്ക് കണക്ഷന്‍ കൊടുക്കാന്‍ വേണ്ടി നിര്‍മിച്ച ലൈന്‍ ആണത്. 40 വര്‍ഷം മുമ്പ് തന്നെ ഉള്ള ലൈന്‍ ആണത്. അതിന്റെ കീഴിലാണ് അനുമതിയില്ലാതെ ഷെഡ് പണിഞ്ഞിരിക്കുന്നതെന്നാണ് കെഎസ്ഇബിയുടെ വാദം.
വ്യക്തമായി ഗ്രൗണ്ട് ക്ലിയറന്‍സ് വാങ്ങിക്കൊണ്ടാണ് ലൈന്‍ കടന്നു പോകുന്നതെന്നും അനീര്‍ കെ.കെ. പറഞ്ഞു. മാനേജ്‌മെന്റ് പരാതിയായി ഒന്നും നല്‍കിയിട്ടില്ല. പക്ഷെ ഫോണ്‍ മുഖേന രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു. ആ സാഹചര്യത്തില്‍ ഇന്‍സുലേറ്റഡ് കേബിള്‍ ആക്കി നല്‍കാം, അത് ചെയ്യുന്നതിന്റെ ഭാഗമായി ഷെഡ് പൊളിച്ച് നല്‍കുന്നതുള്‍പ്പെടെ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നതാണ്. എന്നാല്‍ സ്ഥിരമായി പരിശോധനകള്‍ നടത്താറുള്ള ലൈന്‍മാന്മാരും ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അവരുടെ ശ്രദ്ധയില്‍പ്പെടാത്തതായിരിക്കാമെന്നും അനീര്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ ആവശ്യപ്പെടുന്നത്. കുട്ടിയുടെ മരണത്തിന് കെഎസ്ഇബിയ്ക്കും സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞിരുന്നു.
സംഭവത്തില്‍ കെഎസ്ഇബിക്ക് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വൈദ്യുത മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചിരുന്നു. വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.