അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടൻ്റെ എഫ് 35 യുദ്ധവിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ മൂന്നാം ദിവസവും തുടരുന്നു. ജൂൺ 14ന് രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്രിട്ടീഷ് യുദ്ധവിമാനം അടിയന്തരമായി ലാൻഡ് ചെയ്തത്.
പരീക്ഷണ പറക്കലിനിടെ ഇന്ധനം തീർന്നതിനെ തുടർന്ന് പൈലറ്റ് അടിയന്തര ലാൻഡിങ് ആവശ്യപ്പെടുകയായിരുന്നു. എഫ് 35 വിഭാഗത്തിലേതാണ് വിമാനം. സമുദ്ര അതിർത്തിയിൽ നിന്ന് 100 നോട്ടിക്കൽ മൈൽ അകലെയുണ്ടായിരുന്ന വിമാന വാഹിനി കപ്പലിൽ നിന്നാണ് യുദ്ധവിമാനം എത്തിയത്.
ഒരു പൈലറ്റ് മാത്രമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രതിരോധ വകുപ്പിൻ്റെ പരിശോധനകൾ പൂർത്തിയായ ശേഷം വിമാനം വിട്ടയയ്ക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, വിമാനം ഇപ്പോഴും തിരുവനന്തപുരം വിമാനത്താവളത്തില്‍ തന്നെ തുടരുകയാണ്. ലാൻഡിംഗിനായി എമർജൻസി സംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇമ്മിഗ്രേഷൻ, എയർഫോഴ്സ്, ക്ലിയറൻസിന് ശേഷമേ വിമാനത്തില്‍ ഇന്ധനം നിറക്കൂവെന്നും വിമാനത്തിൽ ഉദ്യോഗസ്ഥരുടെ പരിശോധനയും ഉണ്ടാവുമെന്ന് തിരുവനന്തപുരം വിമാനത്താവളം അധികൃതർ അറിയിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വിലയേറിയ യുദ്ധവിമാനമാണ് എഫ് 35 ബി.