കോഴിക്കോട്: സമൂഹ മാധ്യമ അധിക്ഷേപത്തിന് പിന്നാലെ ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയതിൽ പ്രതികരണവുമായി ബസ് ജീവനക്കാർ. ബസിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായതായി ആരും ഒരു പരാതിയും പറഞ്ഞിരുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. പയ്യന്നൂർ റെയിൽവേ സ്റ്റോപ്പിൽ നിന്ന് നിരവധി പേർ ബസിൽ കയറിയതുകൊണ്ട് നല്ല തിരക്കായിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു. സമൂഹമാധ്യമത്തിൽ വന്നതിന് പിന്നാലെയാണ് ഇതേപ്പറ്റി അറിയുന്നത്. ബസിനകത്ത് സിസിടിവി ക്യാമറയുണ്ട്. അതിനകത്തും അത്തരത്തിൽ പ്രശ്നമുണ്ടായതിൻ്റെ യാതൊരു തെളുവുകളുമില്ലെന്നും ജീവനക്കാർ പ്രതികരിച്ചു.
ദീപക് ജീവനൊടുക്കിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. യുവതി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോയും പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കും. അതേസമയം, ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും അരീക്കോട് മുൻ ലീഗ് പഞ്ചായത്ത് അംഗവുമായ ഷിംജിത മുസ്തഫ ഒളിവിലാണ്. കേസെടുത്ത ശേഷം ഷിംജിത മുസ്തഫയുടെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയതായാണ് വിവരം. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്.
ദൃശ്യങ്ങൾ പകത്തിയ ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുക്കും. സൈബർ സെല്ലിൻ്റെ സഹായവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ദീപക്കിൻ്റെ അച്ഛൻ, അമ്മ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നും മെഡിക്കൽ കോളേജ് പൊലീസ് മൊഴിയെടുത്തിരുന്നു.