തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഭക്ഷണശീലത്തെ കുറിച്ചുള്ള പരാമർശം ചർച്ചകൾക്ക് വഴിവച്ചതോടെ വിശദീകരണവുമായി സിപിഐ നേതാവ് സി. ദിവാകരൻ. ആനത്തലവട്ടം ആനന്ദൻ്റെ വീട്ടിൽ വച്ച് ചൂര മീൻ കൊടുത്തപ്പോൾ പിണറായി വിജയൻ കഴിക്കാതെ ഇറങ്ങിപ്പോയി എന്നായിരുന്നു ദിവാകരൻ്റെ പ്രസ്താവന. കൗതുകമായി നടത്തിയ പ്രതികരണം മാത്രമാണ് അതെന്നും, ജാഥയ്ക്കിടെ രാത്രിയും പകലും പിണറായി വിജയൻ ഒപ്പം ഉണ്ടായിരുന്നുവെന്നും ദിവകാരൻ പറഞ്ഞു. അന്നത്തെ അനുഭവം പറഞ്ഞത് വിവാദമാക്കേണ്ട എന്നും ദിവാകരൻ പ്രതികരിച്ചു.
ആനത്തലവട്ടം വിഎസിൻ്റെ ആളായിരുന്നെന്നും ഭക്ഷണം ഒരുക്കാൻ വേറെ വീട് കിട്ടിയില്ലേ എന്ന് പിണറായി ചോദിച്ചെന്നും ദിവാകരൻ പറഞ്ഞിരുന്നു. പിണറായി ഒരു വട്ടമാണ് വീട്ടിൽ വന്നതെന്നും അന്ന് സന്തോഷത്തോടെ ആണ് പോയതെന്നും ആനത്തലവട്ടം ആനന്ദൻ്റെ മകൻ ജീവ ആനന്ദൻ പ്രതികരിച്ചു.
നേതാക്കളും മന്ത്രിമാരും മറ്റ് ഉദ്യോഗസ്ഥരുമെല്ലാം പലപ്പോഴും വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നും ജീവ എഫ്ബിയിൽ കുറിച്ചു. ഒരാളുടെ ഭക്ഷണ രീതിയെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. വലിച്ച് വാരി ഭക്ഷണം കഴിക്കുന്നയാളല്ല പിണറായി എന്നും ശിവൻകുട്ടി വ്യക്തമാക്കി.