എംപിയായി വിലസാൻ തന്നെയാണ് തീരുമാനം, വിലസുന്നത് തടയാൻ ജയരാജൻ മതിയാകില്ല: സി. സദാനന്ദൻ എം.പി

നിങ്ങൾ നേതാക്കൾ ബോംബും വാളും മഴുവും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ് അവർക്ക് ലഭിച്ചതെന്നും സി. സദാനന്ദൻ എം.പി. പറഞ്ഞു
സി. സദാനന്ദൻ എം.പി
സി. സദാനന്ദൻ എം.പിFacebook
Published on

കണ്ണൂർ: കണ്ണൂർ ഉരുവച്ചാലിലെ പ്രസംഗത്തിൽ എം.വി. ജയരാജന് മറുപടിയുമായി സി. സദാനന്ദൻ എംപി. എംപിയായി വിലസാൻ തന്നെയാണ് തീരുമാനം. വിലസുന്നത് തടയാൻ ജയരാജൻ മതിയാകില്ല.തടയാൻ സഖാവിൻറെ സൈന്യം പോരാതെ വരുമെന്നും സദാനന്ദൻ എംപി പറഞ്ഞു.

രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു എംവി ജയരാജൻ്റെ വിമർശനം. സി. സദാനന്ദൻ എംപിയുടെ കാൽ വെട്ടിയ കേസിൽ ജയിലിലായ എട്ട് പേരും നിരപരാധികളാണെന്നും കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലാസമെന്ന് ആരും കരുതേണ്ടെന്നുമായിരുന്നു എം.വി. ജയരാജൻ്റെ പരാമർശം.ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസില്‍വെച്ചാല്‍ മതിയെന്നും ഫണ്ട് മുക്കിയിട്ടല്ല എട്ട് സഖാക്കള്‍ ജയിലില്‍ പോയതെന്നും എം.വി. ജയരാജൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മറുപടിയുമായി സദാനന്ദൻ എംപി രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിൻ്റെ മറുപടി.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

എം.പി.യായി വിലസാൻ തന്നെയാണ് തീരുമാനം....!!

തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാൻ വൈകി.എം.പിയായി വിലസുന്നതു തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ....!! സഖാവിന്റെ സൈന്യവും പോരാതെ വരും.കമ്മ്യൂണിസ്റ്റുകാരെ (?) ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങൾ നേതാക്കൾ ബോംബും വാളും മഴുവും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല.

ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ്. ലോക നേതാവായ പ്രധാനമന്ത്രിയുടെ നിർദ്ദേശത്താലാണ്. പ്രസ്ഥാനത്തിനായി ജീവൻ വെടിഞ്ഞവർ (അല്ല നിങ്ങൾ കൊത്തിക്കീറി സംഹരിച്ചവർ) നെഞ്ചേറ്റിയ ആദർശത്തിന്റെ സാക്ഷാത്ക്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്. അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട.... ഫലമില്ല. നിങ്ങളുടെ അടിമത്തം പേറാൻ മനസ്സില്ലന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരിൽ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ട്. നാട്ടിൽ നന്മ പുലർന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണയെനിക്കുണ്ട്. അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതി.

ഇങ്ങനെയൊക്കെ പറയണമെന്ന് ചിന്തിച്ചതേയല്ല. പറയരുതെന്നു തന്നെയാണ് നിശ്ചയിച്ചിരുന്നതും. പറയിപ്പിച്ചേ അടങ്ങൂ എന്നാണെങ്കിൽ എന്തു ചെയ്യും...! നാടിന് ഗുണമുണ്ടാകുന്ന പണി ധാരാളം വേറെയുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com