തിരുവനന്തപുരം: ലോലൻ എന്ന ഒറ്റ കഥാപാത്രം കൊണ്ട് മലയാള കാർട്ടൂൺ രംഗത്ത് ശ്രദ്ധേയനായ കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ (ടി.പി. ഫിലിപ്പ്) അന്തരിച്ചു. 77 വയസായിരുന്നു. ചെല്ലൻ രൂപം കൊടുത്ത ലോലൻ ജനപ്രിയ കഥാപാത്രമായിരുന്നു.
അന്നത്തെ ട്രെൻഡി വേഷമായിരുന്ന ബെൽബോട്ടം പാൻ്റും ഹെയർ സ്റ്റൈലുമെല്ലാം വെച്ചായിരുന്നു ചെല്ലൻ ലോലൻ എന്ന കഥാപാത്രത്തെ രൂപപ്പെടുത്തി എടുത്തത്. ലോലനെ അന്നത്തെ ക്യാംപസുകളും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ലോലനെ അനുകരിച്ച പലർക്കും അന്ന ക്യാംപസുകളിൽ ലോലൻ എന്ന വിളിപ്പോരുപോലും ഉണ്ടായിരുന്നു.
കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നെവർ എൻഡിങ് സർക്കിൾ എന്ന അനിമേഷൻ സ്ഥാപനം ചെല്ലൻ സൃഷ്ടിച്ച ലോലൻ എന്ന കാർട്ടൂൺ കഥാപാത്രത്തെ അനിമേറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. കാര്‍ട്ടൂണ്‍ രംഗത്തെ സമഗ്ര സംഭാവനകള്‍ നൽകിയ ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചിട്ടുണ്ട്.
1948 ല്‍ പൗലോസിൻ്റെയും, മാര്‍ത്തയുടേയും മകനായാണ് ചെല്ലൻ്റെ ജനനം. 2002ല്‍ കെഎസ്ആര്‍ടിസിയില്‍ നിന്ന് പെയിന്‍ററായിട്ടാണ് ഇദ്ദേഹം വിരമിച്ചത്. മറിയാമ്മ ഫിലിപ്പാണ് ഭാര്യ. മകൻ സുരേഷ്. ചെല്ലൻ്റെ സംസ്കാരചടങ്ങുകൾ തിങ്കളാഴ്ച്ച വൈകീട്ട് 3 മണിക്ക് വടവാതൂരിൽ വച്ച് നടക്കും.