ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. കൃഷ്ണകുമാറിന്റെ മകൾ ദിയാ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് മൂന്ന് പേർക്കെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് പണം അപഹരിച്ചെന്ന കൃഷ്ണകുമാറിൻ്റെ പരാതിയിൽ വനിതാ ജീവനക്കാർ ഉൾപ്പെടെ നാലു പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ കവടിയാറിലെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ഒരു കേസ്. കടയിലെ ക്യൂആർ കോഡ് മാറ്റി 2024 ജൂലൈ മുതൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. വിഷയം പറഞ്ഞുതീർക്കാമെന്ന് പറഞ്ഞ് വനിതാ ജീവനക്കാരെ കൃഷ്ണകുമാർ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയിരുന്നു. പിന്നാലെ മറ്റൊരു സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന് ജീവനക്കാർ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തിയതോടെ ഇവർ സ്വർണാഭരണങ്ങൾ ഉൾപ്പെടെ വിറ്റ് കൃഷ്ണകുമാറിന് പണം നൽകി. വനിതാ ജീവനക്കാരുടെ പരാതിയിൽ കൃഷ്ണകുമാർ, സുഹൃത്ത് സന്തോഷ് എന്നിവർക്കെതിരെയാണ് പരാതി.
വിഷയത്തിൽ നിലവിൽ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പണം തട്ടിയെന്ന കൃഷ്ണകുമാറിൻ്റെ പരാതിയിൽ വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൃഷ്ണകുമാർ മ്യൂസിയം പൊലീസിൽ നൽകിയ പരാതിയിൽ ജീവനക്കാരികളായ വിനീത, ദിവ്യ, രാധാകുമാരി എന്നിവർക്കെതിരെയാണ് കേസ്. ജീവനക്കാരിലൊരാളുടെ ഭർത്താവ് ദിയ കൃഷ്ണയെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
അതേസമയം പരാതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ മ്യൂസിയം പൊലീസ് അന്വേഷിച്ചുവരികയാണ്. ജീവനക്കാരികൾ കൃഷ്ണകുമാറിന് 8,82,000 രൂപ നൽകിയതിന്റെ രേഖകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകൾ ലഭിക്കുകയാണെങ്കിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് വ്യക്തമാക്കി.