കാവിക്കൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമർശത്തിൽ ബിജെപി നേതാവും പാലക്കാട് നഗരസഭാ കൗൺസിലറുമായ എൻ. ശിവരാജനെതിരെ കേസ്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് എൻ. ശിവരാജനെതിരെ കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്.
കോൺഗ്രസും, ഡിവൈഎഫ്ഐയും നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണ് എൻ. ശിവരാജനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. വിവാദ പ്രസ്താവനയിൽ ശിവരാജനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്നായിരുന്നു കോൺഗ്രസ് ഉയർത്തിയ ആവശ്യം. പിന്നാലെ അധിക്ഷേപ പരാമർശങ്ങളുടെ ദൃശ്യങ്ങളടക്കം ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തി.
ഭാരതാംബയെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെയായിരുന്നു ബിജെപി മുൻ ദേശീയ കൗൺസിൽ അംഗത്തിന്റെ വിവാദ പരാമർശം. എൽഡിഎഫും യുഡിഎഫും ഭാരതാംബയെ അധിക്ഷേപിച്ചു എന്ന് ആരോപിച്ച് പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് എൻ. ശിവരാജൻ വിവാദ പരാമർശം നടത്തിയത്.
നിലവിലുള്ള ദേശീയ പതാക മാറ്റണമെന്നും പകരം കാവിക്കൊടി ആക്കണമെന്നുമായിരുന്നു എൻ ശിവരാജന്റെ വാക്കുകൾ. കോൺഗ്രസ് പച്ചപതാക ഉപയോഗിക്കട്ടെ എന്നും, ഇന്ത്യൻ ചരിത്രമറിയാത്ത രാഹുൽഗാന്ധിയും സോണിയ ഗാന്ധിയും ഇറ്റാലിയൻ കൊടി ഉപയോഗിക്കട്ടെ എന്നും ശിവരാജൻ അധിക്ഷേപിച്ചു. മന്ത്രി വി. ശിവൻകുട്ടിക്കെതിരെയും അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ദേശീയ പതാക ഉയർത്തി നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ദേശീയ പതാകയെ അപമാനിച്ചതിനും മന്ത്രി വി. ശിവൻകുട്ടിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി. അതേസമയം ശിവരാജന്റെ വിവാദപ്രസ്താവനയിൽ ബിജെപി നേതൃത്വം പ്രതികരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല .