ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധം; 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; നേമം ഷജീർ ഒന്നാം പ്രതി

നേതാക്കളായ പതിനേഴ് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന ഏഴ് പേര്‍ക്ക് എതിരേയുമാണ് കേസെടുത്തിരിക്കുന്നത്
ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധം; 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; നേമം ഷജീർ ഒന്നാം പ്രതി
Published on
Updated on

തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പ്രതിഷേധത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്. നേതാക്കളായ പതിനേഴ് പേര്‍ക്കെതിരേയും കണ്ടാല്‍ അറിയാവുന്ന ഏഴ് പേര്‍ക്ക് എതിരേയുമാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ്. നാല് പൊലീസുകാരുടെ പരാതിയിലാണ് കോസെടുത്തത്.

ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് കേസെടുത്തത്. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മന്ത്രി വസതിയുടെ ഗേറ്റ് തകര്‍ത്ത് 28000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നാല് പൊലീസുകാരെ കയ്യേറ്റം ചെയ്‌തെന്നും എഫ്ഐആറിൽ.

സർക്കാർ ആശുപത്രികളിലെ ചികിത്സാ പിഴവുകൾ ആരോപിച്ച് ഇന്ന് രാവിലെയാണ് വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ടുമണിയോടെ എത്തിയ പ്രവർത്തകർ പൊലീസിനെ മറികടന്ന് വീടിന്‍റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റുകയായിരുന്നു.

ആരോഗ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രതിഷേധം; 24 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ്; നേമം ഷജീർ ഒന്നാം പ്രതി
ആരോ​ഗ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; പത്തനംതിട്ടയിലും കൊല്ലത്തും പ്രതിഷേധം; എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം

പിന്നാലെ പത്തനംതിട്ടയിലും കൊല്ലത്തും മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു. പത്തനംതിട്ടയിലെ പരിപാടിക്ക് ഇടയിലും കോൺ​ഗ്രസ് പ്രതിഷേധം. ടൗൺ ഹാളിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കാൻ എത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായത്. ആരോ​ഗ്യമന്ത്രി രാജിവയ്ക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. യുഡിഎഫ് പ്രവർത്തകർ മന്ത്രിയെ തടഞ്ഞുനിർത്തി കയർത്തതോടെ പ്രതിരോധവുമായി എൽഡിഎഫ് പ്രവർത്തർ രംഗത്തെത്തി.

പരിപാടി യുഡിഎഫ് ബഹിഷ്കരിച്ചതോടെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാക്കേറ്റമുണ്ടായി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവുമൂലം കൊല്ലം സ്വദേശി വേണു മരിച്ച സംഭവത്തിലാണ് കൊല്ലത്ത് യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കൊല്ലം ഡിഎംഒ ഓഫീസിലേക്കാണ് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.

എന്നാൽ ആരോഗ്യ മന്ത്രി എന്ന നിലയിൽ ചെയ്യേണ്ടതെല്ലാം താൻ ചെയ്തിട്ടുണ്ടെന്നും കോൺ​ഗ്രസിന്റേത് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീചമായ ആക്രമണമാണെന്നുമായിരുന്നു വീണാ ജോർജിന്റെ പ്രതികരണം. വി.ഡി. സതീശന്റെ നിർദേശപ്രകാരമാണ് ആക്രമണം നടത്തുന്നതെന്നും വീണാ ജോർജ് ആരോപിച്ചു. എന്ത് ചികിത്സാ പിഴവായാലും സർക്കാർ അംഗീകരിക്കില്ലെന്നും തെറ്റ് ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com