ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടെയുള്ള ബ്ലോക്ക് മറികടന്നു; ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്

രോഗിയുടെ നില ഗുരുതരമാണെന്ന് അറിയിച്ചിട്ടും ആംബുലൻസ് പൊലീസ് കടത്തി വിട്ടില്ലെന്നും ആരോപണം
ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടെയുള്ള ബ്ലോക്ക് മറികടന്നു; ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
Published on: 
Updated on: 

കോഴിക്കോട്: ഉപരാഷ്ട്രപതിയുടെ കോഴിക്കോട് സന്ദർശനവുമായി ബന്ധപ്പെട്ട് റോഡിൽ ബ്ലോക്ക്‌ ചെയ്ത വാഹനങ്ങളെ മറികടന്ന് ഗുരുതരമായി പരിക്കേറ്റ രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്. മുക്കം സ്വദേശി ഷിഹാബിനെതിരെയാണ് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തിരിക്കുന്നത്. രോഗിയുടെ നില ഗുരുതരമാണ് എന്ന് അറിയിച്ചിട്ടും ആംബുലൻസ് കടത്തി വിട്ടില്ലെന്നും ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നുപോയിട്ടും ആംബുലൻസ് വിടാൻ തയ്യാറായില്ല എന്നുമാണ് ആരോപണം.

ഈ മാസം 16നായിരുന്നു ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നവരാത്രി ആഘോഷത്തിൽ പങ്കെടുക്കാൻ കോഴിക്കോട് എത്തിയത്. ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ മുക്കം കാഞ്ഞിരമുഴി സ്വദേശി ജയനെ ആംബുലൻസിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു മുൻ കാരശ്ശേരി പഞ്ചായത്ത്‌ മെമ്പറും ആംബുലൻസ് ഡ്രൈവറുമായ ഷിഹാബ്. തൊണ്ടയാട് വെച്ച് ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നുപോകുന്നതിനായി റോഡ് ബ്ലോക്ക്‌ ചെയ്തു. രോഗിയുടെ നില ഗുരുതരമാണ് എന്നറിയിച്ചിട്ടും പൊലീസ് ആംബുലൻസ് കടത്തിവിടാൻ തയ്യാറായില്ല. ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹം കടന്നുപോയിട്ടും ആംബുലൻസ് കടത്തിവിടാൻ തയ്യാറാകാതെ വന്നതോടെ ഷിഹാബ് റോങ് സൈഡ് കയറി ആശുപത്രിയിലേക്ക് പോവുകയായിരുന്നു.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടെയുള്ള ബ്ലോക്ക് മറികടന്നു; ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവർക്കെതിരെ കേസ്
കെ-ടെറ്റ് ഇല്ലാത്തവർക്ക് നിയമന അംഗീകാരവും പ്രമോഷനുമില്ല; ഉത്തരവുമായി സർക്കാർ

പൊലീസ് ഉദ്യഗസ്ഥർ വാഹനം തുറന്ന് പരിശോധിച്ച് ബോധ്യപ്പെട്ടിട്ടും ആംബുലൻസ് കടത്തിവിടാൻ തയ്യാറായിരുന്നില്ല എന്ന് ആംബുലൻസിനകത്തുണ്ടായിരുന്ന, അപകടത്തിൽ പരിക്കേറ്റ ജയന്റെ ബന്ധു നവീൻ ന്യൂസ്‌ മലയാളത്തോട് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജയൻ മൂന്ന് ദിവസം വെന്റിലെറ്ററിലായിരുന്നു. ജോലിയുടെ ഭാഗമാണെങ്കിലും ഒരു ജീവൻ രക്ഷിക്കാൻ ഇറങ്ങിതിരിച്ച ആംബുലൻസ് ഡ്രൈവർക്കെതിരെ അന്യായമായി കേസെടുത്ത് വിഷമിപ്പിച്ചു എന്ന് ജയൻ പ്രതികരിച്ചു.

അശ്രദ്ധമായി വാഹനം ഓടിച്ചു, പോലീസ് കൈ കാണിച്ചിട്ട് നിർത്തിയില്ല എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് ഷിഹാബിനെതിരെ ചുമത്തിയിരിക്കുന്നത്. ആംബുലൻസ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കാനും നിർദ്ദേശമുണ്ട്. പൊലീസ് നടപടിക്കെതിരെ ആഭ്യന്തര മന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകാൻ ഒരുങ്ങുകയാണ് ഡ്രൈവർ ഷിഹാബും ജയന്റെ കുടുംബവും.

News Malayalam 24x7
newsmalayalam.com