കൊല്ലം: കശുവണ്ടി അഴിമതി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാതെ സർക്കാർ. സീനിയോറിറ്റി ഉണ്ടായിട്ടും ഡിവൈഎസ്പി ജ്യോതി കുമാറിനെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കാതെ അവഗണിക്കുന്നത്.
സീനിയോറിറ്റിയിൽ തൊട്ടു താഴെയുള്ള മൂന്നുപേർക്ക് രണ്ടുദിവസം മുമ്പാണ് സ്ഥാനക്കയറ്റം നൽകിയത്. കഴിഞ്ഞ സർക്കാറിൻ്റെ കാലത്തും ജ്യോതികുമാറിനെ സീനിയോറിറ്റി പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ജ്യോതികുമാർ വിജിലൻസ് സിഐ ആയിരിക്കെയാണ് കശുവണ്ടി അഴിമതിക്കേസിൽ ക്രമക്കേട് കണ്ടെത്തിയത്. ആർ. ചന്ദ്രശേഖറിനും, എംഡി കെ. രതീഷിനും കേസിൽ വ്യക്തമായ പങ്കുണ്ടെന്നും ജ്യോതികുമാർ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. തുടർന്നാണ് കേസന്വേഷണം സിബിഐ അന്വേഷണത്തിലേക്ക് നയിച്ചത്.
ഇടത് സർക്കാരിൻ്റെ കാലത്ത് 27 പേർക്കാണ് എസ്‌പിമാരായി സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നത്. ജ്യോതികുമാർ ഇതിൽ 14ാം സ്ഥാനക്കാരനായി വരേണ്ടിയിരുന്ന ആളയിരുന്നു. എന്നിട്ടും ജ്യോതികുമാറിനെ ഒഴിവാക്കി, സീനിയോറിറ്റി ലിസ്റ്റിലെ എട്ട് പേരെ എസ്‌പിമാരായി സ്ഥാനക്കയറ്റം നൽകുകയാണ് ഉണ്ടായത്. യുഡിഎഫ് സർക്കാർ വന്ന ശേഷം ലിസ്റ്റിലെ മൂന്ന് പേർക്ക് കൂടി എസ്‌പിയായി സ്ഥാനക്കയറ്റം നൽകി. സീനിയോറിറ്റി മറികടന്ന് കൊണ്ടുള്ള നിയമനങ്ങൾ വിവാദത്തിനാണ് വഴിവെക്കുന്നത്.