

തിരുവനന്തപുരം: കേരള സർവകലാശാല സംസ്കൃത വകുപ്പ് മേധാവിയിൽ നിന്ന് ജാതി അധിക്ഷേപം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി പിഎച്ച്ഡി വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ നൽകിയ പരാതിയിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു. നിയമപരമായ നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വിസിക്കും രജിസ്ട്രാർക്കും നിർദേശവും നൽകിയിട്ടുണ്ട്. കാര്യവട്ടം ക്യാമ്പസിലെ ഡോ. സി എൻ വിജയകുമാരിക്കെതിരെയാണ് പരാതി.
സംഭവം സർവകലാശാലയ്ക്കും ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കും അവമതിപ്പുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കും നിർദേശം നൽകിയിട്ടുണ്ട്. ആരോപണ വിധേയയായ ഫാക്കൽറ്റി മാധ്യമങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളുടെ അനൗചിത്യം പരിശോധിക്കണമെന്നും വിസിയ്ക്ക് നൽകിയ കത്തിൽ മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, ഗവേഷണ വിദ്യാർഥി പരാതിയിൽ വിപിൻ വിജയൻ്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ശ്രീകാര്യം പൊലീസ് സ്റ്റേഷനിലെത്തിയാണ് വിപിൻ മൊഴി നൽകിയത്.
കഴിഞ്ഞ ദിവസമാണ് തീസിസ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് വകുപ്പ് മേധാവിയായ സി.എൻ. വിജയകുമാരിയിൽ നിന്നും ജാതി അധിക്ഷേപം നേരിട്ടതായി കാണിച്ച് വിപിൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്കൃതം എന്ന് പറഞ്ഞ് വിജയകുമാരി അധിക്ഷേപിച്ചതായാണ് വിപിൻ്റെ പരാതിയിൽ . എംഫില്ലിൽ വിപിൻ്റെ ഗൈഡായിരുന്ന വിജയകുമാരി പിന്നീട് വിപിന് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോർട്ട് സർവകലാശാലയ്ക്ക് കൈമാറിയതായും നിനക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മറ്റു പല കുട്ടികൾക്കും ഇവരിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുള്ളതായും എന്നാൽ പലരും പഠനം പൂർത്തിയാക്കുവാനായി കണ്ടില്ലെന്ന് നടിക്കുകയായിരുന്നുവെന്നും വിപിൻ വെളിപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അക്കാദമിക്കായ കാര്യങ്ങൾ മാത്രമേ പറഞ്ഞിട്ടുള്ളുവെന്നുമാണ് അധ്യാപികയുടെ പ്രതികരണം.