

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ജാതി വിവേചനമെന്ന ആരോപണവുമായി കാര്യവട്ടം ക്യാംപസിലെ പിഎച്ച്ഡി വിദ്യാർഥിയായിരുന്ന വിപിൻ വിജയൻ. സംസ്കൃത വകുപ്പ് ഡീൻ ഡോ. സി എൻ വിജയകുമാരിക്കെതിരെയാണ് വിപിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിപിന് പിഎച്ച്ഡി നൽകാൻ അക്കാദമിക് യോഗ്യതയില്ല എന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞദിവസം വിജയകുമാരി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇത് ജാതി വിവേചനത്തിൻ്റെ ഭാഗമാണെന്നും പെട്ടെന്നൊരുനാൾ എങ്ങനെയാണ് താൻ സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്ത ആളായി മാറിയതെന്നും വിപിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം..
എനിക്ക് ഇപ്പോൾ രോഹിത് വെമുലയെന്ന എൻ്റെ കൂടെപ്പിറപ്പിൻ്റെ നിലവിളി കേൾക്കാം. ജാതി വിവേചനത്തിൻ്റെ അട്ടഹാസങ്ങൾ കേൾക്കാം. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, ജീവിതം വീണ്ടും വഴുതിപ്പോകുന്നു.
'' സംസ്കൃതം അറിയാത്ത " എന്ന വിശേഷണം ഒരിയ്ക്കലും മായാത്ത മുദ്രപോലെ എന്നിൽ പതിപ്പിക്കപ്പെട്ടു കഴിഞ്ഞു. സത്യത്തിൻ്റെ കണികപോലുമില്ലാത്ത ഈ പ്രചരണം എന്നെന്നേയ്ക്കുമായി എൻ്റെ ജീവിതത്തിൽ ഉണങ്ങാത്ത മുറിവുകൾ സൃഷ്ടിച്ചു കഴിഞ്ഞു. എൻ്റെ വാക്കുകൾ എൻ്റെ ജീവിതത്തിലെ നേരുകൾ ഇനി ഏത് ചാനലുകളും പത്രങ്ങളും പ്രസിദ്ധീകരിക്കും ?
അറിയില്ല.
കേരളസർവ്വകലാശാലയുടെ സംസ്കൃത ഡിപ്പാർട്ട്മെൻ്റിൽ നിന്ന് സംസ്കൃതത്തിൽ എം. ഫിൽ നേടിയ ഞാൻ എം. ഫിൽ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഗവേഷണത്തിന് ചേരുന്നത്.
"EPISTEMOLOGICAL REVIEW OF KENOPANISAD" എന്ന എൻ്റെ എം. ഫിൽ പ്രബന്ധത്തിൻ്റെ ഗൈഡ് ഡോ. സി. എൻ. വിജയകുമാരി ടീച്ചർ ! അതെ, എനിക്ക് സംസ്കൃതം എഴുതാനും വായിക്കാനും അറിയില്ല എന്ന് സർവ്വകലാശാലയ്ക്ക് റിപ്പോർട്ട് നൽകിയ അതേ ഡീൻ തന്നെ.
സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്ത എനിക്ക് അർഹതയില്ലാത്ത എം.ഫിൽ ഡിഗ്രി നൽകാൻ കൂട്ടുനിന്ന ഡോ. സി. എൻ. വിജയകുമാരി ടീച്ചർക്ക് അദ്ധ്യാപികയായി തുടരാൻ എന്ത് യോഗ്യതയാണുള്ളത് ?
എൻ്റെ എം. ഫിൽ പ്രബന്ധം പരിശോധിച്ച എൻ്റെ ഗൈഡായിരുന്ന ഡോ. വിജയകുമാരി ടീച്ചർ സർവ്വകലാശാലയെ കമ്പളിപ്പിക്കുകയായിരുന്നോ ?
തട്ടിപ്പുകാരനായ എനിക്ക് കൂട്ടുനിന്ന തട്ടിപ്പുകാരിയാണോ ഡോ. വിജയകുമാരി ടീച്ചർ ? അതോ എം. ഫിൽ ലഭിച്ചതിനു ശേഷം ഞാൻ സംസ്കൃതം മറന്നു പോയതാണോ ?
പെട്ടന്നൊരുനാൾ ഞാൻ സംസ്കൃതം എഴുതാനും വായിക്കാനും അറിയാത്തയാളായി മാറിയതെങ്ങനെ ? ആ മറിമായത്തിൻ്റെ പൊരുളാണ് ജാതി വിവേചനം !
ഗവേഷണ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഒരു നോമിനേഷൻ പോലും നൽകാത്ത ഞാൻ എങ്ങനെ വാർത്തകളിൽ ഗവേഷക യൂണിയൻ്റെ ജനറൽ സെക്രട്ടറി എന്ന സുപ്രധാന പദവിയിൽ ഉണ്ടായിരുന്നതായി അവതരിപ്പിക്കപ്പെട്ടു ?
എനിക്ക് രാഷ്ട്രീയമുണ്ട് ഡോ. വിജയകുമാരി ടീച്ചർക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. എൻ്റേത് ഇടതുപക്ഷമാണ്. ടീച്ചർ RSS - BJP രാഷ്ട്രീയം പിന്തുടരുന്നു. കേരളസർവ്വകലാശാലയിലെ സംഘപരിവാർ അദ്ധ്യാപക സംഘടനയുടെ സജീവപ്രവർത്തകയാണ്
എൻ്റെ രാഷ്ട്രീയം മാത്രം ചർച്ചയാകുന്നതെങ്ങനെയാണ്?
SFI നേതാവിനെതിരെ സംഘപരിവാർ അദ്ധ്യാപകസംഘടനയുടെ ഡീൻ റിപ്പോർട്ട് നൽകി എന്ന് എന്താണ് വാർത്തയാവാത്തത് ?
ഡോ. സി. എൻ. വിജയകുമാരി ടീച്ചറുടെ രാഷ്ട്രീയപക്ഷം വെളിപ്പെടാത്തതെന്താണ് ?
ഞാൻ കുറ്റവാളിയും ഡോ. സി. എൻ. വിജയകുമാരി ടീച്ചർ വിശുദ്ധമാലാഖയുമായി മാറുന്നതെങ്ങനെയാണ് ?
മാധ്യമങ്ങൾ ചിന്തിക്കുമോ അറിയില്ല. വസ്തുതകൾക്ക് വാർത്തകളിൽ യാതൊരു വിലയുമില്ലേ ?
വൈസ് ചാൻസിലർ തിരഞ്ഞെടുത്ത പ്രബന്ധ പരിശോധകരെയും ഓപ്പൺഡിഫൻസ് ചെയർമാനെയും മറികടന്ന് ഇല്ലാത്ത അധികാരം സ്ഥാപിക്കാൻ ശ്രമിക്കുന്ന ഡീൻ വൈസ് ചാൻസിലറുടെ തീരുമാനങ്ങളെത്തന്നെ അവിശ്വസിക്കുകയും വെല്ലുവിളിക്കുകയുമാണ്. പ്രബന്ധ പരിശോധകരും ചെയർമാനും എൻ്റെ പ്രബന്ധത്തിന് പി.എച്ച്. ഡി നൽകാം എന്ന് ശുപാർശ ചെയ്തു കഴിഞ്ഞു.
ഡീൻ എന്ന മഹത്വമാർന്ന അക്കാദമിക് പദവിയ്ക്ക് യോജിക്കാത്തവിധം ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന സി എൻ വിജയകുമാരി ടീച്ചർ ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരരുത്. അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ ഡീനിനെ പുറത്താക്കണം. മഹത്തായ പാരമ്പര്യമുള്ള ഈ സർവ്വകലാശാലയ്ക്ക് അപമാനമായി ഇനിയും ഡീൻ തുടർന്നുകൂടാ. കാരണം മറ്റൊരു വിദ്യാർത്ഥിയും ഇതുപോലെ അധികാര ദുർവിനിയോഗത്താൽ ഇനി വേട്ടയാടപ്പെടരുത്.
എൻ്റെ PhD പ്രബന്ധം ഇംഗ്ലീഷ് ഭാഷയിലാണ് തയ്യാറാക്കിയിട്ടുള്ളത് ഇതിന് സർവകലാശാല നിയമം അനുവദിക്കുന്നുണ്ട്. ഓപ്പൺ ഡിഫൻസിൽ സംസ്കൃതം മാത്രം ഉപയോഗിക്കണം എന്ന് നിർബന്ധമില്ല, ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഉപയോഗിക്കാവുന്നതാണ്. സംസ്കൃത ഡിപ്പാർട്ട്മെൻ്റ് ലൈബ്രറി പരിശോധിച്ചാൽ ഇംഗ്ലീഷിൽ തയ്യാറാക്കിയ നിരവധി ഗവേഷണ പ്രബന്ധങ്ങളും, എം.ഫിൽ പ്രബന്ധങ്ങളും കാണാൻ കഴിയും.
യൂണിവേഴ്സിറ്റിയെ രക്ഷിക്കാൻ എന്ന ഭാവത്തിൽ മുഖം മൂടി അണിഞ്ഞു നടക്കുന്ന തിരുവനന്തപുരത്തെ ചില ദുഷ്ടജൻമങ്ങൾ പേ പിടിച്ച പട്ടിയെപ്പോലെ എന്നെ ആക്രമിക്കാൻ കുതിച്ചെത്തിയത് കഴിഞ്ഞ ദിവസമാണ്. എൻ്റെ യോഗ്യത അളക്കാൻ ഇവരെയൊക്കെ ചുമതലപ്പെടുത്തിയത് ആരാണ് ?
വാർത്തകൾ വന്ന സമയത്ത് പലമാധ്യമപ്രവർത്തകരും എന്നെ വിളിച്ചിരുന്നു. മാധ്യമങ്ങളുടെ മുന്നിൽ വരാൻ കഴിയുന്നില്ല, പുറത്തിറങ്ങാൻ തന്നെ എനിക്ക് പേടി തോന്നുന്നു.
ഡീനിൻ്റെ ഒരു കത്തുകൊണ്ട് എൻ്റെ ജീവിതമാകെ മുറിഞ്ഞ് ചോരയൊലിക്കുകയാണ്.
ഞാൻ കഷ്ടപ്പെട്ട് നേടിയ ഡിഗ്രികളെല്ലാം വിഫലമായതു പോലെ തോന്നുന്നു.
PhD എൻ്റെ ജീവിതമാണ്. വർഷങ്ങൾ കൊണ്ട് ഞാൻ സ്വരുക്കൂട്ടിയ അക്കാദമിക് നേട്ടങ്ങളും മെറിറ്റും ഒരൊറ്റ ദിവസം കൊണ്ട് ഇല്ലാതായ പോലെ. സത്യത്തിന് യാതൊരു വിലയുമില്ലേ ?
അതില്ലായെങ്കിൽ പിന്നെ ഞാനുമുണ്ടാവില്ല. ജീവിതത്തിൽ ഇരുട്ട് നിറയുകയാണ്...
ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാൻ എഴുതിയ വിശദമായ കുറിപ്പിന്റെ ലിങ്ക് നൽകുന്നു...
https://www.facebook.com/share/p/1Bgh4akCiY/