കൊച്ചി: ഹാൽ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകി കത്തോലിക്കാ കോൺഗ്രസ്. ചിത്രം മത സൗഹാർദം തകർക്കുമെന്നാണ് കത്തോലിക്കാ കോൺഗ്രസിൻ്റെ ആരോപണം. ചിത്രത്തിന്റെ റിലീസിനെതിരെ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് കെ.വി. ചാക്കോയാണ് ഹർജി സമർപ്പിച്ചത്.
അതേസമയം, വിവാദത്തിൽ സെൻസർ ബോർഡിനും കത്തോലിക്കാ കോൺഗ്രസിനുമെതിരെ ഗൂഡാലോചനാ ആരോപണവുമായി അണിയറ പ്രവർത്തകർ രംഗത്തെത്തി. സെൻസർ ബോർഡ് അംഗങ്ങൾ സിനിമയുടെ കഥ കത്തോലിക്കാ കോൺഗ്രസിന് ചോർത്തി നൽകിയതായി സംവിധായകൻ സമീർ വീര ആരോപിച്ചു. സിനിമ റിലീസാകാതെ എങ്ങനെയാണ് ഒരു വിഭാഗത്തെ അവഹേളിക്കുന്നുവെന്ന് പറയാൻ കഴിയുക. സിനിമ കാണാതെ എങ്ങനെയാണ് സിനിമയുടെ ഉള്ളടക്കത്തെ കുറിച്ച് അറിയുകയെന്നും സമീർ വീര ചോദിച്ചു.
കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ട്. രണ്ടു പേർക്കും എതിരെയും പൊലീസിൽ പരാതി നൽകുമെന്നും സമീർ വീര പറഞ്ഞു. സിനിമയുടെ ചില ഭാഗങ്ങൾ സെൻസർ ബോർഡ് അനാവശ്യമായി കട്ട് ചെയ്ത് നീക്കി എന്നാരോപിച്ച് അണിയറ പ്രവർത്തകർ നേരത്തെ കോടതിയെ സമീപിച്ചിരുന്നു.