തൃശൂർ: റെയിൽവേ സ്റ്റേഷനിലെ തീപിടുത്തത്തിന് കാരണം ഇലക്ട്രിക്കൽ ലൈനല്ലെന്ന വിശദീകരണവുമായി റെയിൽവേ രംഗത്ത്. പാർക്കിങ് ഏരിയയ്ക്കു സമീപമുള്ള ഓവർഹെഡ് ലൈനിൽ നിന്നോ മറ്റ് ഇലക്ട്രിക്കൽ സാമഗ്രികളിൽ നിന്നോ തീ പടർന്നിട്ടില്ലെന്നും വൈദ്യുതി ലൈനിൽ സ്പാർക്ക് ഉണ്ടായി എന്നത് കരാർ ജീവനക്കാർ നടത്തിയ തെറ്റായ അവകാശവാദമാണെന്നും റെയിൽവേ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണത്തോടൊപ്പം റെയിൽവേയും വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തീപിടിത്തത്തിൽ 250 വാഹനങ്ങൾ പൂർണമായോ ഭാഗികമായോ കത്തി നശിച്ചതായും നഷ്ടം നേരിട്ടവരെ സഹായിക്കാൻ പ്രത്യേക ഹെൽപ്പ് ഡെസ്ക് ആരംഭിച്ചതായും റെയിൽവേ അറിയിച്ചു.
സ്റ്റേഷൻ പരിസരത്തെ നിർമാണത്തിന് കോർപറേഷന്റെയോ മറ്റ് തദ്ദേശ സ്ഥാപനത്തിന്റെയോ അനുമതി ആവശ്യമില്ലെന്നും റെയിൽവെ ചൂണ്ടിക്കാട്ടി. ഇന്ത്യൻ റെയിൽവേ ആക്‌ടിലെയും ഗവ.ബിൽഡിങ് ആക്‌ടിലെയും വ്യവസ്ഥകൾ ഇക്കാര്യം വ്യക്തമാക്കുന്നു. തൃശൂർ കോർപറേഷനിൽ നിന്ന് ഇതു സംബന്ധിച്ച അറിയിപ്പും മറ്റ് ആശയ വിനിമയങ്ങളും ലഭിച്ചിട്ടില്ലന്നും ഭക്ഷിണ റെയിൽവേ അറിയിച്ചു. കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ തീപിടിത്തമുണ്ടായത്.