"മതവികാരം വ്രണപ്പെടും"; ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോർഡ്

എമ്പുരാൻ സിനിമയുടെ റിലീസിന് ശേഷമുള്ള സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് കമ്മിറ്റി നിർദേശം മുന്നോട്ട് വെച്ചത്
Janaki vs State of Kerala Poster
ജാനകി vs സ്റ്റേറ്റ് ഓഫ് കേരള പോസ്റ്റർSource : X
Published on

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ പേര് മാറ്റണമെന്ന് ആവർത്തിച്ച് കേന്ദ്ര സെൻസർ ബോർഡ്. മുംബൈയിൽ സിനിമ കണ്ട ശേഷം റിവൈസ് കമ്മിറ്റി ആണ് പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടത്. മതവികാരം വ്രണപ്പെടും എന്ന് വിശദീകരിച്ചാണ് സെൻസർ ബോർഡിന്റെ റിവൈസ് കമ്മിറ്റി സർട്ടിഫിക്കറ്റ് നിഷേധിച്ചത്. സിബിഎഫ്‌സി തീരുമാനത്തിൽ പ്രതിഷേധിച്ച് നിർമാതാക്കളുടെ സംഘടന തിങ്കളാഴ്ച തിരുവനന്തപുരത്ത് സമരം നടത്തും.

സിബിഎഫ്‌സിയുടെ ഒൻപതംഗ റിവൈസ് കമ്മിറ്റി ആണ് ജാനകി എന്ന പേര് മാറ്റണം എന്ന് ആവശ്യപ്പെട്ടത്. മുംബൈയിൽ സിനിമ കണ്ട ശേഷം കമ്മിറ്റി ചർച്ച നടത്തിയിരുന്നു. ശേഷം തീയറ്ററിലേക്ക് സംവിധായകനെയും നിർമാതാവിനെയും വിളിച്ചുവരുത്തിയാണ് കാരണം വിശദീകരിച്ചത്. സിനിമ ഇഷ്ടപ്പെട്ടുവെന്നും മതസ്‌പർദ്ധ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ജാനകി എന്ന പേര് മാറ്റണം എന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

Janaki vs State of Kerala Poster
ജാനകി VS സ്‌റ്റേറ്റ് ഓഫ് കേരള; ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സുരേഷ് ഗോപി; നിയമ പോരാട്ടത്തിന് അണിയറ പ്രവര്‍ത്തകര്‍

എമ്പുരാൻ സിനിമയുടെ റിലീസിന് ശേഷമുള്ള സാഹചര്യം വിശദീകരിച്ചു കൊണ്ടാണ് കമ്മിറ്റി നിർദേശം മുന്നോട്ട് വെച്ചത്. സിനിമയുടെ പേരു മാറ്റണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിവൈസ് കമ്മിറ്റി സിനിമ കണ്ടത്. സംവിധായകൻ പ്രവീൺ നാരായൺ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് സെൻസർ ബോർഡിന്റെ നിർദേശം അറിയിച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നിർമ്മാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

സെൻസർ സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണം കോടതിയിൽ സെൻസർ ബോർഡ് വിശദീകരിക്കും. സെൻസർ ബോർഡ് റിവൈസ് കമ്മിറ്റിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് സമരം നടത്താനാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. തിരുവനന്തപുരത്തെ സെൻസർ ബോർഡ് ഓഫീസിന് മുൻപിൽ തിങ്കളാഴ്ച ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ധർണ്ണ നടത്തും. സെൻസർ ബോർഡ് നിലപാടിനെതിരെ നാളെ ഫെഫ്കയും സിനിമയുടെ സംവിധായകനും മാധ്യമങ്ങളെ കാണും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com