യെമന്‍ പൗരനെ കൊല്ലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്രം അടിയന്തര ഇടപെടൽ നടത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിൽ പ്രധാനമന്ത്രിക്കയച്ച കത്തും മുഖ്യമന്ത്രി പങ്കുവെച്ചു. കേസ് നാളെ സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്ക് കത്തയച്ചു. കഴിഞ്ഞ ഫെബ്രുവരിയിലും മാർച്ചിലും ഈ വിഷയത്തിൽ തന്നെ വിദേശകാര്യ വകുപ്പ് മന്ത്രി ജയശങ്കറിനും കത്തയച്ചിരുന്നു. നിമിഷ പ്രിയയുടെ മോചനത്തിനായി ഇടപെടുന്ന സന്നദ്ധപ്രവർത്തകർക്ക് സംസ്ഥാന സർക്കാരിന്റെ എല്ലാ പിന്തുണയും ഉറപ്പ്നൽകുന്നു.
വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെക്കണം എന്നാവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കോടതിയെ സമീപിച്ചു. ശിക്ഷ വിധിച്ച യെമൻ കോടതിയെയാണ് സമീപിച്ചത്. ശിക്ഷ നടപ്പിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ച പ്രോസിക്യൂട്ടറെയും ഇതേ ആവശ്യം ഉന്നയിച്ച് സമീപിച്ചിട്ടുണ്ട്. ദിയാധനം നൽകുന്നതിനുള്ള ചർച്ചകൾക്ക് സമയം ആവശ്യപ്പെട്ടാണ് ഹർജി. ഇതിനിടെ നിമിഷപ്രിയ കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. വിദേശകാര്യ മന്ത്രാലയം ഇക്കാര്യത്തിൽ നടത്തിയ ഇടപെടലുകളും നടപടികളും കേന്ദ്ര സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും.
നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന് നടപ്പാക്കാനാണ് യെമൻ ജയിൽ അധികൃതരുടെ തീരുമാനം. മോചനശ്രമങ്ങൾക്കായി ഇനി ഉള്ളത് മൂന്ന് ദിവസം മാത്രമാണ്. ദിയാധനം കൈമാറുന്നതടക്കമുള്ള വിഷയങ്ങൾ സങ്കീർണ്ണമാണെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം. പതിനാറാം തീയതി ശിക്ഷ നടപ്പാക്കാതിരിക്കാൻ ഉന്നതതല ഇടപെടൽ നടത്തുമെന്നും സ്ഥിതി നിരീക്ഷിക്കുന്നുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് നിമിഷപ്രിയ. 2017ലാണ് യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ അത് യെമനില്‍ ക്ലിനിക്ക് തുടങ്ങുന്നതിന് ലൈസന്‍സ് സംഘടിപ്പിക്കാന്‍ തയ്യാറാക്കിയ താല്‍ക്കാലിക രേഖയാണെന്നാണ് നിമിഷയുടെ വാദം.
മാത്രവുമല്ല തലാല്‍ തന്നെ ഉപദ്രവിച്ചിരുന്നതായും നിമിഷ വെളിപ്പെടുത്തിയിരുന്നു. ഭാര്യയും കുഞ്ഞുമുള്ള തലാല്‍ തന്നെ ഉപദ്രവിക്കുമായിരുന്നെന്നും ലഹരിമരുന്നിന് അടിമയായ അയാള്‍ക്കും കൂട്ടുകാര്‍ക്കും വഴങ്ങാന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നതായും നിമിഷ പറയുന്നുണ്ട്. പൊലീസില്‍ പരാതിപ്പെട്ടെങ്കിലും. ജയിലില്‍ നിന്ന് പുറത്തുവന്നതോടെ തലാല്‍ കൂടുതല്‍ ഉപദ്രവകാരിയായി മാറുകയായിരുന്നു.
ഒടുവില്‍ ജീവന് ഭീഷണിയായതോടെയാണ് തലാലിനെ ഇല്ലാതാക്കിയത്. അനസ്‌തേഷ്യക്കുള്ള മരുന്നു നല്‍കി മയക്കിയെന്നും ഉണരുന്നില്ലെന്നു കണ്ടതോടെ ഒപ്പം ജോലി ചെയ്തിരുന്ന ഹനാനുമായി ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് കോടതിയെ അറിയിച്ചത്. തലാലിന്റെ മൃതദേഹം നശിപ്പിക്കാന്‍ വഴികളില്ലാതെ വന്നതോടെ കഷണങ്ങളാക്കി മുറിച്ച് വെള്ളത്തിലൊഴുക്കുകയായിരുന്നു.
കീഴ്കോടതിയാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. കൊലപാതകത്തിന് നിമിഷയെ സഹായിച്ച യെമന്‍ സ്വദേശിയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരുന്നു. വധശിക്ഷയില്‍ ഇളവു ലഭിക്കണമെന്ന നിമിഷപ്രിയയുടെ അപേക്ഷ നേരത്തെ കോടതി പരിഗണിച്ചിരുന്നു. 70 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ നിന്നു പിന്മാറാന്‍ തയാറാണെന്ന് കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം അറിയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ എതിര്‍പ്പുമൂലം നടന്നിരുന്നില്ല.
മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി ഈ വര്‍ഷം ഏപ്രില്‍ 20ന് യെമനിലേക്കു പോയ അമ്മ പ്രേമകുമാരി അവിടെ തുടരുകയാണ്. ഇതിനിടെ രണ്ടു തവണ അവര്‍ മകളെ ജയിലില്‍ ചെന്ന് കണ്ടിരുന്നു. തലാലിന്റെ കുടുംബത്തിന് ദയാധനം നല്‍കി ശിക്ഷ ഒഴിവാക്കാന്‍ ആക്ഷന്‍ കൗണ്‍സില്‍ ഉള്‍പ്പെടെ തുടങ്ങി പണം ശേഖരിച്ചിരുന്നു. 19,871 ഡോളര്‍ കൂട്ടായ ശ്രമത്തിലൂടെ സമാഹരിച്ചു. 2024 ജൂലൈയില്‍ പണം കൈമാറിയിരുന്നു. ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് രണ്ടാഘട്ടം പണം സമാഹരിക്കല്‍ തുടരാനായിരുന്നില്ല.