കോട്ടയം: മന്ത്രി കെ. രാജനെതിരായ പരിഹാസ പരാമർശത്തെ ന്യായീകരിച്ച് ചാണ്ടി ഉമ്മൻ. കൂലിപ്പണിക്കാരൻ എന്ന് വിളിക്കുന്നത് എങ്ങനെ അധിക്ഷേപമാകുമെന്ന് ചാണ്ടി ഉമ്മൻ ചോദിച്ചു. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ വില്ലേജ് ഓഫീസർ എന്ന് വിളിച്ചിരുന്നത് തെറ്റാകില്ലേ എന്നും ഉമ്മൻ ചാണ്ടി ജനങ്ങളുടെ പണിക്കാരനായിരുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
വയനാട് ടൗൺഷിപ്പിൽ നേരിട്ടെത്തി പരിശോധന നടത്തിയതിന് പിന്നാലെയായിരുന്നു മന്ത്രി കെ. രാജനെ ചാണ്ടി ഉമ്മൻ പണിക്കാരനെന്ന് വിളിച്ചത്. മന്ത്രിയുടെ രൂപത്തിൽ പണിക്കാരനെ കിട്ടി എന്നായിരുന്നു ചാണ്ടി ഉമ്മൻ്റെ പരാമർശം.
അതേസമയം, 'കൂലിപ്പണിക്കാരൻ രാജൻ' എന്ന വിളിയിൽ അഭിമാനമുണ്ടെന്നും അഞ്ച് കൊല്ലം മന്ത്രി ആയിട്ടും ആരും 'മുതലാളി രാജൻ' എന്ന് വിളിച്ചില്ലല്ലോ എന്നുമായിരുന്നു ചാണ്ടി ഉമ്മൻ്റെ പരാമർശത്തിൽ മന്ത്രിയുടെ മറുപടി. നേരിട്ട് പരിശോധന നടത്തിയത് ദന്തഗോപുരവാസി അല്ലാത്തത് കൊണ്ടാണ്. നാടിന്റെ അഭിമാനം കാക്കാന്‍ അതിലും വലിയ ഉയരത്തിലും വേണ്ടി വന്നാല്‍ കയറുമെന്ന് മന്ത്രി പറഞ്ഞിരുന്നു.