കൊച്ചി: നെടുമ്പാശേരിയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. നടന്നത് കൊലപാതകം തന്നെയാണെന്നാണ് അങ്കമാലി കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സൈഡ് നൽകാത്തതിനെ തുടർന്ന് നടന്ന തർക്കമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.
സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് കോൺസ്റ്റബിൾ മോഹൻകുമാർ എന്നിവരാണ് കേസിലെ പ്രതികൾ. വാക്കുതർക്കം ഐവിൻ മൊബൈലിൽ പകർത്തിയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥൻ മോഹൻ കുമാർ മൊഴി നൽകിയിരുന്നു. വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടർന്നാണ് ഉദ്യോഗസ്ഥരും, ഐവിനും തമ്മിൽ തർക്കമുണ്ടായത്. പിന്നീട് മോഹൻ കുമാറും വിനയ് കുമാർദാസും ചേർന്ന് ഐവിനെ മർദിച്ചു. നാട്ടുകാർ എത്തുമെന്ന് കരുതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഐവിൻ കാറിന് മുന്നിൽ നിന്നും വീഡിയോ പകർത്തി.
ഇതിൽ പ്രകോപിതനായാണ് മോഹൻ കുമാർ വാഹനം മുന്നോട്ടെടുത്തത്. വാഹനം ഇടിച്ചുനിലത്ത് വീണ ഐവിൻ എഴുന്നേറ്റ് നിന്നു. പിന്നാലെ വിനയ്‌കുമാർ വാഹനം ഓടിച്ചു. ബോണറ്റിൽ ഐവിൻ കിടന്നിട്ടും വാഹനം നിർത്താൻ ഇരുവരും തയ്യാറായില്ല. ഐവിനെ ബോണറ്റിൽ കിടത്തി ഒരു കിലോമീറ്ററോളം അതിവേഗത്തിൽ പോയ കാർ പെട്ടെന്ന് ബ്രേക്കിട്ട് നിർത്തി. ഈ ആഘാതത്തിൽ തെറിച്ചു പോയ ഐവിന്റെ തല മതിലിൽ ഇടിക്കുകയായിരുന്നു. തലക്കേറ്റ പരിക്കാണ് മരണകാരണം. അതേസമയം, പ്രതികൾക്ക് ജാമ്യം ലഭിച്ചതിനെതിരെ കൊല്ലപ്പെട്ട ഐവിന്റെ കുടുംബം ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.